സാഹിത്യവിമർശകൻ കെ.പി. അപ്പന്റെ ചരമ ദിനാചരണത്തിന് ഓരോ ഡിസംബർ 15 നും മാവേലിക്കര ചെറുകോൽ സങ്കീർത്തനത്തിൽ നിന്നും അലക്സി സൂസൻ ചെറിയാൻ കൊല്ലം നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ എത്തിയിരുന്നു.
2009 ഡിസംബർ 15 ന് കൊല്ലം തൃക്കടവൂർ നീരാവിൽ പ്രദേശത്തെ ഈ ഗ്രാമീണ ഗ്രന്ഥശാലയിൽ മാത്രമായിരുന്നു സാഹിത്യ വിമർശകനും ശ്രേഷ്ഠ അദ്ധ്യാപകനുമായിരുന്ന കെ.പി.അപ്പന്റെ ചരമ വാർഷിക ദിനാചരണം: 1996 മുതൽ ഓരോ വിജയദശമി ദിനത്തിലും 13 വർഷം കുഞ്ഞുങ്ങളെ ആദ്യക്ഷരം എഴുതിക്കാൻ അഷ്ടമുടി കായലിന്റെ തീരപ്രദേശമായ നീരാവിലിന്റെ ഈ സാംസ്കാരിക സംഗമ കേന്ദ്രത്തിലേക്ക് അദ്ദേഹം വന്നിരുന്നു. നാടും നാട്ടുകാരും ഈ വിദ്യാരംഭച്ചടങ്ങ് ഒരു ഉത്സവമായി കൊണ്ടാടുകയായിരുന്നു. അപ്പൻസാറിന്റെ മരണാനന്തരമുള്ള ഓരോ വാർഷിക ചരമദിനാചരണവും ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ആചരിച്ച് വരുന്നു. സാറിന്റെ സഹപ്രവർത്തകർ, ശിഷ്യർ, സാഹിത്യാരാധകർ തുടങ്ങിയവർ സ്വമേധയാ തന്നെ ഈ ചടങ്ങിലെത്തി സുഗന്ധസ്മരണകൾ അയവിറക്കി ഒരുമിച്ചൊരു സദ്യയുണ്ട് പിരിഞ്ഞ് പോവുക, ഇത്രമാത്രം. ആ ചടങ്ങിലേക്ക് പതിവായെത്തിയിരുന്നു അലക്സി.
അലക്സി അപ്പൻ സാറിന്റെ ശിഷ്യയായിരുന്നില്ല. സാറിനെ നേരിട്ടൊന്ന് കണ്ടിട്ടുപോലുമില്ല. പുസ്തകങ്ങളും ലേഖനങ്ങളും വായിച്ചുള്ള സൗഹൃദം മാത്രം. പ്രത്യേകിച്ചും വിമർശന കൃതികളെക്കാൾ ബൈബിളിനെ അധികരിച്ച് എഴുതിയിട്ടുള്ള 'ബൈബിൾ വെളിച്ചത്തിന്റെ കവചം" , കർത്താവിന്റെ അമ്മയായ മേരിയെക്കുറിച്ച് എഴുതിയ 'മധുരം നിന്റെ ജീവിതം" എന്നീ കൃതികളാണ് അലക്സിയെ അപ്പൻ സാറിന്റെ വായനാ സൗഹൃദത്തിന്റെ ദൃഢകണ്ണിയാക്കി മാറ്റിയത്. 'മധുരം നിന്റെ ജീവിതം"എന്ന കൃതിയിലെ വാക്കുകൾ വാചകങ്ങൾ എന്നിവ ഹൃദിസ്ഥമാണ്. ഒരിക്കൽ അലക്സി സാറിനെ അനുസ്മരിച്ച് പറയവേ ബൈബിളും സാറുമായുള്ള ബന്ധം അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ ഉദ്ധരിച്ച് പറഞ്ഞു. 'എനിക്ക് കീഴടക്കാൻ കഴിയാത്ത ഗ്രന്ഥമാണ് ബൈബിൾ, അത് ഇഷ്ടത്തിനപ്പുറം നിൽക്കുന്ന ഗ്രന്ഥമാണ്. അത് എനിക്ക് ധ്യാനത്തിന്റെ പുസ്തകമാണ് ". മറ്റൊരവസരത്തിൽ ചരിത്രത്തെ അഗാധമാക്കിയ ഗുരുവിനെ ക്കുറിച്ചായിരുന്നു അലക്സിയുടെ ചിന്തകൾ. അവിടെ അലക്സി ഗാഢമായി ഉദ്ധരിച്ചത് അനുകമ്പാദശകത്തിലെ
'പുരുഷാകൃതി പൂണ്ട ദൈവമോ?,
നരദിവ്യാകൃതി പൂണ്ട ധർമ്മമോ,
പരമേശ പവിത്ര പുത്രനോ.
കരുണാവാൻ നബി മുത്തുരത്നമോ?
എന്ന ഗുരുദേവന്റെ വരികളായിരുന്നു: ബൈബിൾ, ചരിത്രത്തെ അഗാധമാക്കിയ ഗുരു, മേരിവിജ്ഞാനീയത്തിലെ മധുരക്കടൽ എല്ലാം അപ്പൻ സാറിന്റെ സാഹിതീ ജീവിതത്തിന്റെ ധ്യാനമുദ്രകളായിക്കണ്ട ഈ വായനക്കാരിയും ഒടുവിൽ, പൊടുന്നനെ വന്ന് അപ്പൻ സാറിനെ കൂട്ടികൊണ്ട് പോയ കാൻസറിന്റെ ദ്രംഷ്ടയിൽപ്പെട്ടു. വേദനാകരമായ ചികിത്സകളുടെ നാളുകളിൽ 2017 ൽ ആ വർഷത്തെ ചരമദിനത്തിന് പങ്കെടുക്കാൻ കഴിയാത്തതിലുള്ള തീവ്രവ്യസനം അറിയിച്ചുകൊണ്ട് അവർ എന്നെ ടെലിഫോണിൽ വിളിച്ചു; ഇനി എത്രനാൾ എനിക്ക് ആ സ്നേഹ സംഗമത്തിൽ പങ്കാളിയാകാൻ കഴിയുമെന്നറിയില്ല. എന്നിരുന്നാലും സാറിന്റെ ഓർമ്മകൾക്ക് മുൻപിൽ അർപ്പിക്കാൻ ആവുംവിധം എന്റെ കവിത്വം കലർത്തി ഒരു കവിത അയയ്ക്കുന്നു. 'ജലാശയപ്പെരുമ" എന്നോ 'അപ്പൻസാറിന് വിനയപൂർവം" എന്നോ പേരിട്ടുകൊള്ളൂ. ഈ കവിത കൈയിലിരുന്ന് വിറയ്ക്കുന്നതായി എനിക്കു തോന്നി. ദിവസങ്ങൾ കഴിഞ്ഞ് ആ വാർത്ത അവരുടെ മകൻ മാദ്ധ്യമപ്രവർത്തകനായ സുധി വിളിച്ചറിയിച്ചു. അമ്മ പോയി, ഇന്ന് ഉച്ചയ്ക്ക് അടക്കം. പ്രൊഫ. കെ.ജയരാജനൊപ്പം മാവേലിക്കരയിൽ ശുഭാനന്ദാശ്രമത്തിന് സമീപമുള്ള വീട്ടിൽവെച്ച് വെള്ളത്തുണിയിൽ പൊതിഞ്ഞ ആ മുഖം ഞങ്ങൾ കണ്ടു. ശിരസ് കുനിച്ച് ആദരാഞ്ജലി അർപ്പിച്ച് പിൻവാങ്ങവെ ആ സ്വീകരണമുറിയുടെ ചുമരിൽ ഞങ്ങൾ കണ്ടത് ശാന്തസ്വരൂപനായ ക്രിസ്തുദേവന്റെയും ശാന്തസ്വരൂപിണിയായ എഴുത്തുകാരി മാധവിക്കുട്ടിയുടേയും ചിത്രങ്ങൾ മാത്രം. ആ ചിത്രങ്ങളായിരുന്നു ആ കൊച്ചു കാവ്യജീവിതത്തിന്റെ വെളിച്ചം.
പിന്നീട് എത്രയോ ദിനരാത്രങ്ങൾ കഴിഞ്ഞു ഗ്രന്ഥശാലയുടെ പുസ്തക ശേഖരം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു പ്രിയമിത്രം നൽകിയ പുസ്തക കെട്ടിൽ നിന്നും ഓരോ പുസ്തകങ്ങൾ എടുത്ത് പരിശോധിക്കവേ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അതാ റയിൻബോ ബുക്സ് പ്രസിദ്ധീകരിച്ച 'സഹന സൂചിക" എന്ന കാവ്യ സമാഹാരം: പിൻ പേജിൽ കണ്ടത് അലക്സിയുടെ ചിത്രം: ആർത്തിയോടെ അകം പേജുകളിലേക്ക് കണ്ണോടിച്ചപ്പോൾ 39 കവിതകൾ. ചിത്രങ്ങൾ സഹിതം. ചിത്രങ്ങളും കവിതകളും രചിച്ചിരിക്കുന്നതും അലക്സി തന്നെ. പ്രസാധകക്കുറിപ്പിൽ പ്രസാധകൻ എൻ. രാജേഷ് കുമാർ ഇങ്ങനെ എഴുതിയിരിക്കുന്നു 'അറിയപ്പെടാനാഗ്രഹിക്കാത്ത കവിയാണ് ശ്രീമതി അലക്സി. പുസ്തകപ്പേര് സൂചിപ്പിക്കുന്നതുപോലെ വെളിപ്പെടുത്താതെ സഹിക്കുകയാണ്, എഴുതാതെ സ്വകാര്യമാക്കി വയ്ക്കുകയാണ് ഈ കവിയുടെ രീതി". അതെ അപൂർവതയുള്ള കവിതകൾ, 2009 മുതൽ 2017 വരെ ഓരോ അപ്പൻസാർ ദിനത്തിലും ആ വാക്കുകൾക്ക് കാതുകൊടുത്ത എനിക്ക്, ഈ കവിയെയും കവിതകളെയും കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ: ആ കവിതകൾ ഈ കാവ്യമുഖത്തുനിന്നും കേൾക്കാൻ കഴിഞ്ഞില്ലല്ലോ? ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത, എല്ലാം ഉള്ളിലൊതുക്കുന്ന കാവ്യകലയുടെ ഈ അപ്പൻ ശിഷ്യ അക്ഷരാർത്ഥത്തിൽ കെ.പി.അപ്പന്റെ സർഗ സപര്യയ്ക്ക് അകലങ്ങളിൽ നിന്നുള്ള ഒരു പിൻവിളിയായിരുന്നു.
(ലേഖകന്റെ ഫോൺ: 9446353792)
കവിത
അപ്പൻ സാറിന് വിനയപൂർവം
അലക്സി
മൃത്യുശോഭയിൽ പൊലിഞ്ഞുപോയ
നിന്റെ ധവളചിത്രം
കാറ്റായും കടലായും ഇരമ്പിയാർക്കുന്ന
നിന്റെ മൗന മർമ്മരം
കനിവിന്റെ തുരുത്തുകളിൽ നീ
പകർന്നുവെച്ച വീഞ്ഞിൻ ലഹരി
എരിഞ്ഞടങ്ങാത്തോരീവേനലിൻ വറുതിയിൽ
നീ ചായിച്ചു തന്ന തളിർച്ചില്ല
കാൽവരിയോളം വളരുന്ന
അലിവിന്റെ ശിരോവസ്ത്രം
അടയാളവാക്യമായി ചോരപ്പൊടിപ്പുകൾ
കറകളെല്ലാം തുടച്ചു നീക്കുന്ന
നിന്റെ ജലാശയപ്പെരുമ
നീലച്ച നിൻ മിഴിയിണകളിലൂടെ
എൻ അഭയയാത്ര