തിരുവല്ല: ചക്കുളത്തുകാവിൽ പൊങ്കാലയിട്ടു കൊണ്ടിരുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറി ഏഴു സ്ത്രീകൾക്ക് പരിക്കേറ്റു. ചെങ്ങന്നൂർ പുലിയൂർ ശരത് ഭവനിൽ ഗീതാകുമാരി (45), തട്ടേക്കാട് വടക്കേതിൽ പ്രസന്നകുമാരി (57), പ്രാവിൻകൂട് പടിഞ്ഞാറേകളത്തിൽ വിദ്യ (28), രമ്യ (20), കല്ലിശേരി സിന്ധുഭവനിൽ നീതു (25), കല്ലിശേരി പുത്തൻപുരയിൽ വീണ (28), സുജാത (42 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗീതാകുമാരിക്ക് തലയ്ക്ക് സാരമായി പരിക്കേറ്റു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. എം.സി റോഡിൽ മഴുക്കീർ പ്രാവിൻകൂടിനുസമീപം ഇന്നലെ രാവിലെ 9നാണ് സംഭവം. കോട്ടയത്ത് ആർമി റിക്രൂട്ട്മെന്റിൽ പങ്കെടുത്തശേഷം തിരുവനന്തപുരം ഭാഗത്തേക്ക് പോയവർ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ടത്. റോഡരികിലെ മരക്കുറ്റിയിൽ കാർ ഇടിച്ചതിനാൽ അപകടത്തിന്റെ ആഘാതം കുറഞ്ഞു. സിഗ്നൽ ലൈറ്റ് സ്ഥാപിച്ച പോസ്റ്റും കാർ തകർത്തു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.