ന്യൂയോർക്ക്: നൂതന ബാർ കോഡിന്റെ ഉപജ്ഞാതാവായ ജോർജ് ജെ.ലോറർ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. 94 വയസായിരുന്നു. ഐ.ബി.എമ്മിൽ എൻജിനിയറായിരുന്ന ലോററാണ് ആഗോള ഉത്പന്ന കോഡ് (യൂണിവേഴ്‍സൽ പ്രൊഡക്ട് കോഡ്) ആദ്യമായി അവതരിപ്പിച്ചത്. 1970കളിലാണ് ലോറർ ആദ്യമായി യു.പി.സി വികസിപ്പിച്ചെടുത്തത്. ഇത് പിന്നീട് ബാർ കോഡ് എന്ന പേരിൽ ലോകമെങ്ങും പ്രശസ്തമായി. ഐ.ബി.എമ്മിന്റെ നോർത്ത് കരോലിനയിലെ റിസർച്ച് ട്രയാംഗിൾ പാർക്കിലെ ഇലക്ട്രിക്കൽ എൻജിനിയറായി പ്രവർത്തിക്കുമ്പോഴായിരുന്നു ലോറൻ ബാർ കോഡ് കണ്ടുപിടിച്ചത്. മെറിലാൻഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ലോറർ രണ്ടാം ലോക മഹായുദ്ധ കാലത്ത് സൈന്യത്തിൽ സേനമനുഷ്‍ഠിച്ചിരുന്നു. അതിനുശേഷമാണ് ഐ.ബി.എമ്മിൽ ചേർന്നത്. ഇത്രയും സ്വീകാര്യ ബാർ കോഡ് നേടുമെന്ന് കരുതിയിരുന്നില്ലെന്ന് 2010ൽ ഒരു അഭിമുഖത്തിൽ ലോറർ പറഞ്ഞിരുന്നു. ബാർ കോഡ് റീഡ് ചെയ്യുന്ന ഒരു സ്‍കാനറിന്റെ പേറ്റന്റ് ലോറർ സ്വന്തമാക്കിയിരുന്നു. വ്യാഴാഴ്‍ച അന്തരിച്ച ലോററിന്റെ സംസ്‍കാരം തിങ്കളാഴ്ച വാൻഡെലിലിൽ നടന്നു.
എന്താണ് ബാർ കോഡ്
ലോകമെമ്പാടും ഉത്പന്നങ്ങളുടെ തിരിച്ചറിയൽ രേഖയ്ക്ക് സമമായി ഉപയോഗിക്കുന്നവയാണ് ബാർ കോഡുകൾ. സവിശേഷമായ കറുത്ത വാരകളും 12 അക്ക സംഖ്യയും ചേർന്ന ബാർ കോഡുകൾ ഇന്ന് സർവവ്യാപിയാണ്. ബാർ കോഡ് സ്‍കാൻ ചെയ്യുന്നതിലൂടെ ഉത്പന്നങ്ങളും അവയുടെ വിലയും പെട്ടെന്ന് തിരിച്ചറിയാൻ വ്യാപാരികൾക്ക് സാധിക്കും.1948ൽ ബെർനാഡ് സിൽവറും നോർമൻ ജോസഫ് വുഡ്ലാൻഡും ചേർന്നാണ് ബാർകോഡിന്റെ ആദ്യകാല രൂപം തയ്യാറാക്കുന്നത്. 1952 ഒക്ടോംബർ ഏഴിന് ഇരുവർക്കും സംയുക്തമായി ബാർകോഡിന്റെ പേറ്റന്റ് ലഭിക്കുകയും ചെയ്തു. ആഗോളതലത്തിൽ ബാർകോഡുകൾ ഉപയോഗിക്കണമെങ്കിൽ അതിന് ചില സാർവത്രികവ്യവസായികമാനങ്ങൾ ഉണ്ടായിരിക്കണമെന്ന് മനസിലാക്കിയ വ്യവസായികൾ അതിനായി ബഹുരാഷ്ട്രക്കമ്പനിയായ ലോജിക്കോണിനെ സമീപിച്ചു.
1970 ൽ ലോജിക്കോൺ യൂണിവോഴ്സൽ ഗ്രോസറി പ്രൊഡക്ട്സ് ഐഡറ്റിഫിക്കേഷൻ വികസിപ്പിച്ചു. ലോജിക്കോൺ കമ്പനിയുടെ നിർദ്ദേശപ്രകാരം 1973ൽ ജോർജ്ജ് ജെ ലോറർ യു.പി.സി വികസിപ്പിച്ചു. 1974 -ൽ ഒഹിയോയിലെ ഒരു സൂപ്പർ മാർക്കറ്റിൽ യു.പി.സി സ്കാനർ സ്ഥാപിച്ചു. 1974 ജൂൺ 26ന് ബാർകോഡുള്ള ഒരു ഉത്പ്പന്നത്തിന്റെ സ്കാനിംഗ് ആദ്യമായി നടന്നു.റിഗ്ലീസിന്റെ ച്യൂയിംഗ് ഗമ്മായിരുന്നു ആദ്യമായി ബാർകോഡ് നടത്തിയ ഉല്പന്നം. ബാർ കോഡുകൾ വരുന്നതിന് മുമ്പ് ചെറുകിട വ്യാപാര സ്ഥാപനങ്ങൾ ഏറ്റവും വെല്ലുവിളി നേരിട്ടിരുന്നത് ബില്ല് തയ്യാറാക്കുന്നതിലായിരുന്നു. ഓരോ ഉത്പന്നത്തിന്റെയും വില ചേർക്കുമ്പോൾ പലപ്പോഴും പിഴവുകൾ സംഭവിച്ചിരുന്നു. കൂടാതെ സമയവും ജോലിക്കാരുടെ എണ്ണവും കൂടുതൽ വേണമായിരുന്നു. എന്നാൽ ബാർ കോഡുകൾ നിലവിൽ വന്നതോടെ വില ചേർക്കുന്നതിലെ പിഴവുകൾ എതാണ്ട് പൂർണമായും ഇല്ലാതായി. ഇന്ന് എല്ലാ തരം ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ബാർ കോഡുണ്ട്.