gold

 നികുതി ഒന്നേകാൽ ശതമാനം ആക്കണമെന്ന് വ്യാപാരികൾ

കൊച്ചി: സ്വർണ വിപണിയിൽ നിന്നുള്ള നികുതി വരുമാനം കുറഞ്ഞതിനാലാണ് ഇ-വേ ബിൽ പോലുള്ള നിബന്ധന കൊണ്ടുവരുന്നതെമെന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് പറഞ്ഞു. സ്വർണ വ്യാപാരത്തിന്റെ വലിയപങ്കും കൈയാളുന്നത് വൻകിടക്കാരും കോർപ്പറേറ്റുകളുമാണ്. ഇവരിൽ നിന്നുള്ള നികുതി വരുമാനം കുറവാണ്. നികുതി വരുമാനം കൂട്ടാൻ വൻകിടക്കാരുടെയും കോർപ്പറേറ്റുകളുടെയും യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്‌റ്രിക് കൗൺസിൽ (ജി.ജെ.സി) ചെയർമാൻ എൻ. അനന്തപത്മനാഭന്റെ നേതൃത്വത്തിൽ തന്നെ സന്ദർശിച്ച സംഘത്തോട് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വർണ നികുതി വാറ്റ് കാലത്തെ മൂന്നു ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി വർദ്ധിപ്പിച്ചതാണ് തിരിച്ചടിയായതെന്നും നികുതി ഒന്നേകാൽ ശതമാനമാക്കിയാൽ നികുതി നൽകാൻ ഉപഭോക്താക്കൾ തയ്യാറാകുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.

എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ട്രഷറർ എസ്. അബ്‌ദുൽ നാസർ, ഹാൾമാർക്കിംഗ് സെന്റേഴ്സ് അസോസിയേഷൻ ഓൾ ഇന്ത്യ സെക്രട്ടറി ജെയിംസ് ജോസ്, എ.കെ.ജി.എസ്.എം.എ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വിജയകൃഷ്ണ വിജയൻ, ജയചന്ദ്രൻ പള്ളിയമ്പലം എന്നിവർ സംഘത്തിലുണ്ടായിരുന്നു.