fuchun

12ാം നൂറ്റാണ്ടിലെ ചൈനീസ് പെയിന്ററായ ഹുവാങ് ഗോങ്വാങ്ങിന്റെ പ്രശസ്തമായ ഏഴു മീറ്ററോളം നീളമുളള ഛായാചിത്രമാണ് 'ഡ്വെല്ലിങ് ഇൻ ദ ഫുചുൻ മൗണ്ടൻസ്'. ഫുചുൻ നദിയുടെ മനോഹാരിത എല്ലാ വിശദാംശങ്ങളോടെയും പകർത്തിയെടുത്ത ഈ പെയിന്റിങ്ങിന്റെ പേരിലുള്ള ചലച്ചിത്രവും അതുപോലെ തന്നെ മനോഹരമാണ്. ഹുവാങിന്റെ ക്യാൻവാസിൽ പോലെ നിറങ്ങളാലും പ്രകൃതിയാലും സമ്പന്നമായ വലിയൊരു ക്യാൻവാസിൽ തന്നെയാണ് ഈ സിനിമയും നിലനിൽക്കുന്നത്. ദൈർഘ്യമേറിയ വലതുവശത്തേക്കുള്ള പാനിംഗും ഫ്രെയിമിനുള്ളിലെ നിറഭേദങ്ങളും ഗോങ്വാങ്ങിന്റെ പെയിന്റിങ്ങിനെ തന്നെയാണ് ഓർമപ്പെടുത്തുന്നത്. ഫുചുൻ നദിയും അതിനെ ചുറ്റിപ്പറ്റി താമസിക്കുന്ന കുറച്ചു മനുഷ്യരുടെയും കഥയാണ് 'ഡ്വെല്ലിങ് ഇൻ ദ ഫുചുൻ മൗണ്ടൻസ്.

നാല് ഋതുക്കളിലൂടെ കടന്നു പോകുന്ന സിനിമ അതിലെ മനുഷ്യരുടെ ഓരോ കാലത്തെയും അവസ്ഥകൾ നമ്മുക്ക് കാട്ടിത്തരുന്നു. ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങൾ തങ്ങളുടെ രോഗബാധിതയായ അമ്മയെ ശുശ്രൂശിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. മൂന്ന് പേർക്കും അമ്മയോട് സ്നേഹമുണ്ടെങ്കിലും സാമ്പത്തിക സമ്മർദ്ദങ്ങൾ കാരണം അമ്മയെ ഏറ്റെടുക്കാൻ ഇവർ വിമുഖത കാട്ടുന്നു. ഒടുവിൽ കുടുംബത്തിലെ ഏറ്റവും ഇളയ മകനും അയാളുടെ ഭാര്യയും അമ്മയെ ഏറ്റെടുക്കാൻ തയാറാകുന്നു. എന്നാൽ അധികം താമസിയാതെ തന്നെ ഇയാൾ മുന്നിൽ മറ്റ് വഴികൾ കാണാതെ അമ്മയെ നഴ്‌സിംഗ് ഹോമിലാക്കുന്നു.

നാല് കാലങ്ങളിൽ മൂന്ന് സഹോദരങ്ങളും പലതരം ജീവിതാവസ്ഥകളിലൂടെയാണ് കടന്നുപോകുന്നത്.

സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന ഒരാൾ അൽപ്പകാലം കഴിയുമ്പോൾ പിന്നിലേക്ക് പോകുന്നുവെങ്കിൽ മറ്റൊരാൾ പണക്കാരനായി മാറുന്നു. തലമുറകൾ തമ്മിലുള്ള സംഘർഷങ്ങളും ചിത്രം വിഷയമാക്കുന്നുണ്ട്. തന്റെ മകൾ അവൾക്കിഷ്ടപ്പെട്ട പുരുഷനോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുമ്പോൾ ആ ആഗ്രഹത്തെ അവളുടെ കുടുംബം എതിർക്കുമ്പോൾ ചൈനയുടെ പഴമക്കാരുടെ പാരമ്പര്യവാദവും പുതുതലമുറയുടെ ആധുനിക മനസ്ഥിതിയുമാണ് ഏറ്റുമുട്ടുന്നത്. ഹോംഗ് കോംഗുമായി ബന്ധപ്പെട്ട് ചൈനയിൽ നടന്ന പ്രക്ഷോഭങ്ങളെ വേണമെങ്കിൽ ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. മന്ദഗതിയിൽ നീങ്ങുന്ന ഈ മനോഹര ചിത്രത്തെ ആസ്വദിക്കാൻ ക്ഷമയുള്ള കണ്ണുകളാണ് ആവശ്യം. ഗു ഷിയഗാങ്ങിന്റെ ആദ്യ ചിത്രമാണ് 'ഡ്വെല്ലിങ് ഇൻ ദ ഫുചുൻ മൗണ്ടൻസ്'.