sunitha

സ്കൂളിലെ ചടങ്ങിനു ശേഷം പ്രേംകുമാറുമായി സുനിത വെള്ളറടയിലെ വീട്ടിലെത്തി. പ്രേംകുമാറിനെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും പരിചയപ്പെടുത്തി. രണ്ടാഴ്ച മുൻപ് സുനിതയ്ക്കൊപ്പം പ്രേംകുമാറിന്റെ മകൾ സുനിതയുടെ വീട്ടിലെത്തിയിരുന്നു. പ്രേംകുമാർ സുനിതയുടെ വീട്ടിലെത്തിയാലും അവിടെ താമസിക്കുകയോ ആഹാരം കഴിക്കുകയോ ചെയ്യുമായിരുന്നില്ല. അയൽക്കാരുമായി സംസാരിക്കാറില്ല. വിദ്യയെ കൊലപ്പെടുത്തിയ ശേഷവും പ്രേംകുമാർ ഈ വീട്ടിലെത്തിയിരുന്നു. പ്രേംകുമാർ ഉപദ്രവിക്കുന്നെന്നും കഴുത്ത് മുറുക്കി കൊല്ലാൻ ശ്രമിച്ചെന്നും അടുത്തിടെ സുനിത വീട്ടുകാരോട് പറഞ്ഞിരുന്നു. പൊലീസിൽ പരാതിപ്പെടാൻ ചില ബന്ധുക്കൾ പറഞ്ഞിട്ടും സുനിത കേട്ടില്ല. പ്രേംകുമാറുമായി തെറ്റിയെന്ന് പറഞ്ഞ്, ബന്ധുവിന്റെ ആട്ടോറിക്ഷയിൽ തന്റെ വസ്ത്രങ്ങളും സാധനങ്ങളും സുനിത വീട്ടിലെത്തിച്ചു. പ്രേംകുമാറിന്റെ ഭാര്യ സ്ഥലത്തെത്തിയിട്ടുണ്ടെന്നും സാധനങ്ങളുമായി പൊയ്ക്കൊള്ളാൻ പ്രേംകുമാർ പറഞ്ഞെന്നും സുനിത വീട്ടുകാരെ അറിയിച്ചിരുന്നു.

വിദ്യയുടെ കൊലപാതകത്തിനു ശേഷം പേയാട്ടെ വീടൊഴിഞ്ഞ പ്രേംകുമാറും സുനിതയും കളിയിക്കാവിള ടൗണിന് അടുത്തായി കൂടുതൽ സൗകര്യങ്ങളുള്ള വീട് വാടകയ്ക്കെടുത്തിരുന്നു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് പ്രേംകുമാറുമായി പിണങ്ങിയെന്ന് ബന്ധുക്കളോട് പറഞ്ഞത്. തന്റെ പണമെല്ലാം പ്രേംകുമാർ തട്ടിയെടുത്തെന്നും പ്രേംകുമാറുമായി ഇനി തുടരാൻ പറ്റില്ലെന്നും അയാളുടെ ഭാര്യയെ കാണാനില്ലെന്നും കേസിന് സാദ്ധ്യതയുണ്ടെന്നും സുനിത പറഞ്ഞിരുന്നു.