bribe-case

ആലപ്പുഴ: പമ്പിംഗ് കരാറുകാരന് അഞ്ചര ലക്ഷം രൂപയുടെ ബില്ല് മാറിക്കൊടുക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി കളക്ടർ കൂടിയായ പുഞ്ചസ്പെഷ്യൽ ജൂനിയർ സൂപ്രണ്ട് വിജിലൻസ് പിടിയിൽ. കരാറുകാരനായ ടെൻസിംഗിന്റെ പരാതിയിൽ ആലപ്പുഴ വിജിലൻസ് ഡിവൈ.എസ്.പി റക്‌സ് ബോബി അരവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുല്ലയ്ക്കൽ ക്ഷേത്രത്തിനു സമീപമുള്ള ഓഫീസിൽ നിന്ന് ജൂനിയർ സൂപ്രണ്ട് സച്ചുവിനെ പൊക്കിയത്. തുടർന്ന് നഗരത്തിലുള്ള, സച്ചുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രേഖകളും കാനഡയിൽ പഠിക്കുന്ന മക്കൾക്ക് പണം അയച്ചു കൊടുത്ത കണക്ക് എഴുതിയ ഡയറിയും കണ്ടെടുത്തു.

ബിൽ മാറിക്കിട്ടാൻ ടെൻസിംഗ് പലതവണ ഓഫീസ് കയറിയിറങ്ങിയെങ്കിലും മാറിക്കൊടുത്തില്ല. കഴിഞ്ഞ ദിവസം പുഞ്ച ഓഫീസിലെത്തിയ ടെൻസിംഗിനോട് 5000രൂപ സച്ചു ആവശ്യപ്പെട്ടു. ടെൻസിംഗ് മകളുമായി വിജിലൻസ് ഓഫീസിൽ എത്തി വിവരം അറിയിച്ചു. ഫിനോഫ്തലീൻ പുരട്ടി വിജിലൻസ് നൽകിയ 2000 രൂപ ടെൻസിംഗ് കൈമാറാൻ ശ്രമിച്ചപ്പോൾ, പോക്കറ്റിൽ വയ്ക്കാനായിരുന്നു നിർദ്ദേശം. പണം പോക്കറ്റിൽ വച്ചയുടൻ വെളിയിൽ കാത്തുനിന്ന വിജിലൻസ് സച്ചുവിനെ പിടികൂടുകയായിരുന്നു