രോഗപ്രതിരോധത്തിന് മാത്രമല്ല, അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാനും മികച്ചതാണ് പർപ്പിൾ കാബേജ്. വിറ്രാമിൻ കെ, കാൽസ്യം, മാംഗനീസ്, സിങ്ക് എന്നീ ഘടകങ്ങളാണ് അസ്ഥിയുടെ ആരോഗ്യം ഉറപ്പുവരുത്തുന്നത്. ഇതിലുള്ള വിറ്റാമിൻ കെ അസ്ഥികളെ കരുത്തുറ്റതാക്കുന്നു. ആർത്രൈറ്റിസിന്റെ ഭാഗമായി മുട്ടുവേദനയുള്ളവർ പർപ്പിൾ കാബേജിന്റെ ഇതളുകൾ മുട്ട് മൂടത്തക്കവിധം കെട്ടിവയ്ക്കുന്നത് വേദന ശമിപ്പിക്കാൻ സഹായിക്കും.
പൊട്ടാസ്യം ധാരാളമുള്ളതിനാൽ പർപ്പിൾ കാബേജ് ഹൃദയാരോഗ്യം സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന സൾഫർ കൊളസ്ട്രോൾ, യൂറിക് ആസിഡ് എന്നിവ കുറയ്ക്കാൻ സഹായകമാണ്. ഇതിലുള്ള ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളോട് പൊരുതി മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും.
വിറ്റാമിൻ സി ചർമ്മത്തിന് തിളക്കം നൽകും. വിറ്റാമിൻ ഇ, എ എന്നിവയും ധാരാളമുണ്ട്. സയാന്തിൻ, ല്യൂട്ടിൻ എന്നീ ഘടകങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. പാകം ചെയ്ത് കഴിക്കുന്നതിനൊപ്പം പർപ്പിൾ കാബേജ് സാലഡുകളിൽ ചേർത്തോ ആവിയിൽ പുഴുങ്ങിയെടുത്തോ കഴിക്കാം.