ന്യൂഡൽഹി: ദേശീയ പൗരത്വ ബില്ലിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം സംഘർഷങ്ങളിൽ കലാശിച്ചതോടെ ത്രിപുരയിൽ ഇന്റർനെറ്റ് , എസ്.എം.എസ് സേവനങ്ങൾക്ക് ബിപ്ലബ് ദേബ് സർക്കാർ നിരോധനമേർപ്പെടുത്തി. 48 മണിക്കൂറാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സംഘർഷങ്ങളിലേക്ക് വഴിവെക്കാൻ സാധ്യതയുള്ളതിനാലാണ് ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, പൗരത്വ ബില്ലിനെതിരെ നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷൻ, ആൾ ആസാം സ്റ്റുഡന്റ്സ് യൂണിയൻ എന്നീ വിദ്യാർത്ഥി സംഘടനകൾ നടത്തിയ ബന്ദ് പലയിടത്തും അക്രമാസക്തമായി. ബന്ദ് നടന്ന അസം, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അസമിൽ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗോഹട്ടിയിൽ നൂറുകണക്കിനാളുകൾ മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തി. സർക്കാർ സ്ഥാപനങ്ങളിലേക്കും മന്ത്രിമാരുടെ വസതികളിലേക്കും പ്രതിഷേധ മാർച്ചുകൾ നടത്തി.
അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രഞ്ജിത് കുമാർ ദാസ് എന്നിവരുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടന്നു. സംസ്ഥാനത്ത് പരക്കെ അക്രമങ്ങൾ നടന്നു.അസം ജാതിയബാദി യുവ ഛാത്ര പരിഷത്ത് ജനറൽ സെക്രട്ടറി പലാഷ് ചംഗ്‌മായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആൾ അസം സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകർ പന്തം കൊളുത്തി പ്രകടനങ്ങൾ നടത്തി. പൗരത്വബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അവകാശം കവരില്ല എന്ന കേന്ദ്ര മന്ത്രി അമിത്ഷായുടെ ഉറപ്പും പ്രതിഷേധം തണുപ്പിച്ചിട്ടില്ല. മണിപ്പൂരിൽ പൊതു അവധി പ്രഖ്യാപിച്ചു. ബില്ല് പശ്ചിമ ബംഗാളിൽ നടപ്പാക്കില്ലെന്ന് മമതാ ബാനർജി വ്യക്തമാക്കി.മേഘാലയിൽ ഒറ്റപ്പെട്ട ആക്രമങ്ങൾ നടന്നു. ഷില്ലോംഗ് നഗരത്തിൽ പ്രതിഷേധക്കാർ പൊലീസ് ജീപ്പിന് തീ വച്ചു. സ്കൂളുകളും, വ്യാപാരസ്ഥാപനങ്ങളും അടച്ചു.