ന്യൂഡൽഹി: 12 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം ലോക്സഭ പാസാക്കിയ പൗരത്വ (ഭേദഗതി) ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും ബിൽ പാസാക്കിയെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. അതേസമയം, ലോക്‌സഭയിൽ ബില്ലനെ അനുകൂലിച്ച ശിവസേന രാജ്യസഭയിൽ എതിർക്കുമെന്നാണ് സൂചന. ആറ് മണിക്കൂർ ചർച്ചയാണ് ബില്ലിൽ നിശ്ചയിച്ചിരിക്കുന്നത്.
നിലവിൽ 240 അംഗങ്ങളാണ് സഭയിലുള്ളത്. ബിൽ പാസാകാൻ 121 പേരുടെ പിന്തുണ വേണം. എൻ.ഡി.എയ്ക്ക് 102 എംപിമാരുണ്ട്. ബില്ലിനെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി ജെ.ഡിയുവിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രാജ്യസഭയിൽ സഹകരിക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. കോൺഗ്രസിനും സഖ്യകക്ഷികൾക്കുമായി 63പേരാണ് ഉള്ളത്. ഇരുമുന്നണികളിലുമില്ലാത്ത തൃണമൂൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉൾപ്പെടെയുള്ള 39 അംഗങ്ങൾ ബില്ലിനെ എതിർക്കും.124-130 ഇടയിൽ വോട്ട് കിട്ടുമെന്നാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ.
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതപീഡനങ്ങളെ തുടർന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിലേക്ക് കുടിയേറി ആറ് വർഷം കഴിഞ്ഞ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള വിവാദ പൗരത്വ ഭേദഗതി ബിൽ ദിവസങ്ങൾക്ക് മുമ്പാണ് ലോക് സഭ പാസാക്കിയത്. 391 അംഗങ്ങൾ പങ്കെടുത്ത് വോട്ടെടുപ്പിൽ 311 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു. 80 പേർ ബില്ലിനെ എതിർത്തു. പ്രതിപക്ഷം ഒറ്റക്കെട്ടായി ഉയര്‍ത്തിയ അതിരൂക്ഷ പ്രതിഷേധത്തിനിടെയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ല് അവതരിപ്പിച്ചത്. അമിത് ഷായും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങളും അരങ്ങേറി. 82നെതിരെ 293 വോട്ടുകൾക്കാണ് ബില്ല് അവതരണാനുമതി പ്രമേയം പാസായത്.