ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചരിത്ര ക്ലാസുകൾ ശ്രദ്ധിച്ചിട്ടില്ലെന്ന് ശശി തരൂർ എം.പി പറഞ്ഞു. ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന അഭ്യന്തരമന്ത്രി അമിത് ഷായുടെ ലോക്സഭയിലെ പ്രസ്താവനയെ പരിഹസിച്ചാണ് തരൂരിന്റെ പ്രതികരണം. മതത്തിന്റെ പേരിൽ ഇന്ത്യയെ വിഭജിച്ചത്തിന് കാരണം കോൺഗ്രസാണെന്ന അമിത്ഷായുടെ പ്രതികരണം ചരിത്രം പഠിക്കാത്തതിനാലാണെന്നും അമിത് ഷാ ചരിത്ര ക്ലാസുകൾ ശ്രദ്ധിച്ചിട്ടില്ലെന്ന് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ പരൗത്വ ഭേദഗതി ബില്ല് ഭരണഘടനക്ക് നേരെയുള്ള അടിയാണ്. സ്വതന്ത്രമായ ഒരു ഇന്ത്യയെയാണ് നമ്മള്‍ നിര്‍മ്മിക്കേണ്ടത്. നമ്മള്‍ മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ പാടില്ലെന്നും തരൂര്‍ പറഞ്ഞു. "സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ കോൺഗ്രസ് പ്രതിനിധാനം ചെയ്തതും പ്രവർത്തിച്ചതും രാജ്യത്തെ എല്ലാ മതവിഭാഗങ്ങൾക്കും വേണ്ടിയാണ്. ഹിന്ദു മഹാസഭയാണ് രാഷ്ട്രവിഭജനത്തിന് വഴിയൊരുക്കിയവരിൽ പ്രധാനകക്ഷി. 1935ൽ രാജ്യത്തെ ഹിന്ദുക്കൾക്കും മുസ്ലിംങ്ങൾക്കുമായി വിഭജിക്കുന്നതിന് മുന്നിൽ നിന്നത് ഹിന്ദുമഹാസഭയാണ്. അതിനെ എതിർത്ത ഏക പാർട്ടി കോൺഗ്രസ് ആണെന്നും ശശി തരൂർ പറഞ്ഞു.
ബി.ജെ.പിയുടെ ഹിന്ദി, ഹിന്ദുത്വ, ഹിന്ദുസ്താൻ എന്നിവയെ പ്രതിരോധിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. ഹിന്ദി ദേശീയ ഭാഷയായി കൊണ്ടുവന്നപ്പോൾ അതിനെ എതിർത്ത തെക്കൻ സംസ്ഥാനങ്ങൾ ഹിന്ദുത്വ അജണ്ടയെയും തള്ളികളഞ്ഞുവെന്നും തരൂർ ചൂണ്ടിക്കാട്ടി. ലോക്സഭയിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ കോൺഗ്രസ് പ്രതിഷേധത്തിനിടയിലാണ് അമിത് ഷാ വിവാദ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസ് മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചില്ലായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ദേശീയ പൗരത്വ ബില്ലിന്റെ ആവശ്യമില്ലായിരുന്നുവെന്നും അമിത്ഷാ പറഞ്ഞിരുന്നു.