കൊച്ചി: യുവനടൻ ഷെയ്ൻ നിഗത്തിനെതിരെ കർശന നടപടികളുമായി നിർമാതാക്കൾ. ഷൂട്ടിംഗ് മുടങ്ങിയ സിനിമകൾക്കായി മുടക്കിയ പണം ഷെയ്ൻ നൽകണമെന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടു. ഷെയ്നെതിരെ നിയമനടപടി സ്വീകരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 19ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗം ചേരും. താരസംഘടനയായ 'അമ്മ'യുടെ യോഗം 22നും ചേരും.
അതേസമയം, ഇതരഭാഷാ സിനിമകളിലൊന്നും ഷെയ്നിനെ സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് ഉൾപ്പെടെ കത്തയച്ചിരുന്നു. വിക്രമിനൊപ്പമുള്ള ഷെയ്നിന്റെ തമിഴ് ചിത്രം ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് ഫിലിം ചേംബറിന്റെ നടപടി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കത്തെത്തുടർന്ന് ഷെയ്ൻ നിഗത്തിന് മലയാള സിനിമയിൽ അഭിനയിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് നീക്കുന്നതിനായി അമ്മയുടെയും ഫെഫ്കയുടെയും പ്രതിധിനിനികൾ ചർച്ച നടത്തിയെങ്കിലും ഷെയ്നിന്റെ പ്രകോപനകരമായ പ്രസ്താവനയെത്തുടർന്ന് ഇരുപക്ഷവും പിൻവാങ്ങുകയായിരുന്നു.
ഷെയ്ൻ അന്യ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നത് തടയാനായി നിർമ്മാതാക്കൾ ഫിലിം ചേബറിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേബറിന് കത്ത് നൽകിയത്. മലയാള ചിത്രങ്ങൾ പൂർത്തിയായ ശേഷം മാത്രം ഷെയ്നിനെ ഇതര ഭാഷാ സിനിമകളിൽ സഹകരിപ്പിച്ചാൽ മതിയെന്നാണ് നിലപാട്.