rohingyans

ഹേഗ് : ലോകത്തെ നടുക്കിയ മ്യാൻമാറിലെ സൈനിക നരവേട്ടയായ രോഹിംഗ്യൻ വംശഹത്യയ്ക്ക് ന്യായീകരണവുമായി മ്യാൻമാർ സ്‌റ്റേറ്റ് കൗൺസിലർ ആങ്സാംഗ് സ്യൂചി അന്താരാഷ്ട്ര ക്രിമിനൽക്കോടതിയിൽ ഹാജരാകും. സമാധാനത്തിനുള്ള നൊബേൽ അവാർഡ് ജേതാവായ സ്യൂചി രോഹിംഗ്യൻ വംശഹത്യയ്‌ക്കെതിരെ പ്രതികരിക്കാതെ മൗനം പൂണ്ടത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ മൗനം വെടിഞ്ഞ് സൈന്യത്തിന് അനുകൂലമായ നിലപാടിലേക്ക് സ്യൂചി നീങ്ങുന്നതായിട്ടാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മ്യാൻമാറിൽ സൈന്യം വകവരുത്തിയത് തീവ്രവാദികളെയായിരുന്നു എന്ന ന്യായം അവർ ഉയർത്തുവാനാണ് സാദ്ധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. മ്യാൻമാറിലെ റാഖിൻ പ്രവിശ്യയിലാണ് സൈനിക അടിച്ചമർത്തലുകളിൽ നൂറുകണക്കിന് രോഹിംഗ്യൻ മുസ്ലിങ്ങൾ കൂട്ടവംശഹത്യയ്ക്കിരയായത്. അന്താരാഷ്ട്ര സംഘടനകളടക്കം വംശഹത്യയ്‌ക്കെതിരെ രംഗത്ത് വന്നിട്ടും സൈനിക നേതൃത്വം നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. വംശഹത്യയിൽ നടപടിയാവശ്യപ്പെട്ട് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയാണ് ഐ.സി.ജെ.യിൽ പരാതിനൽകിയത്. വിഷയത്തിൽ മ്യാൻമാറിന്റെ ഔദ്യോഗികവിശദീകരണം നൽകാനാണ് സ്യൂചി ഹാജരാവുന്നത്.

ഇതേ തുടർന്ന് പതിനായിരങ്ങളാണ് അയൽ രാജ്യങ്ങളിലേക്ക് കരമാർഗവും കടൽമാർഗവും പാലായനം ചെയ്തത്. നിലവിൽ ലക്ഷക്കണക്കിന് രോഹിംഗ്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിലുണ്ട്. ഇവിടെ നിന്നും ഇന്ത്യയിലേക്കും ഇവർ നുഴഞ്ഞു കയറുന്നുണ്ട്. എന്നാൽ ഇന്ത്യയിപ്പോൾ രോഹിഗ്യൻ അഭയാർത്ഥികളോട് കർക്കശമായ നിലപാടാണ് സ്വീകരിക്കുന്നത്. അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇവരുടെ നുഴഞ്ഞു കയറ്റം തടയാൻ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ലോക്സഭയിൽ കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി ബിൽ അവതരണവേളയിലും രോഹിംഗ്യകൾക്ക് ഇന്ത്യൻ പൗരത്വം നൽകാനാവില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.