amit-shah

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. ലോകത്താകമാനമുള്ള മുസ്‌ലിങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കേണ്ടതുണ്ടോ? എന്ന് അമിത് ഷാ ബിൽ അതരിപ്പിക്കവെ ചോദിച്ചു. ബില്‍ മുസ്‌ലിങ്ങള്‍ക്കെതിരെയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു.

‘ലോകത്താകമാനമുള്ള മുസ്‌ലിങ്ങളെ നമുക്ക് ഇന്ത്യന്‍ പൗരന്മാരാക്കേണ്ടതുണ്ടോ? അങ്ങനെയല്ല രാജ്യം മുന്നോട്ടുപോകേണ്ടത്. അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയുള്ളതാണ് ഈ ബില്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കേണ്ട കാര്യമുണ്ടോ’യെന്നും അദ്ദേഹം പറഞ്ഞു. ബില്‍ മുസ്‌ലിങ്ങള്‍ക്കെതിരെയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ എപ്പോഴും ഇന്ത്യയിലെ പൗരന്മാര്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മിസോറമിനെ ബില്‍ ബാധിക്കില്ലെന്നും അമിത് ഷാ അറിയിച്ചു.

പൗരത്വ ബിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനമായിരുന്നു. ഈ വാഗ്ദ്ധാനം അടക്കമുള്ളവ അംഗീകരിച്ചാണ് ബി.ജെ.പിയെ ജയിപ്പിച്ചത്. ബിൽ ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഇന്ത്യയിലെ മുസ്ലിങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ല. ഇന്ത്യയിലെ മുസ്‌ലിങ്ങൾ ഇന്ത്യക്കാരായി തുടരും. മോദി പ്രധാനമന്ത്രിയായി ഇരിക്കുന്നിടത്തോളം ഇവർക്ക് വിവേചനം ഉണ്ടാകില്ല. അഭയാർത്ഥികളായ ന്യൂനപക്ഷങ്ങളെ സഹായിക്കുകയാണ് ബില്ലിന്‍റെ ലക്ഷ്യം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്ലിൽ ചർച്ച പുരോഗമിക്കുന്നത്.