supreme-court

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ പീഡന കേസിലെ പ്രതികളെ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവം വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന്‌ സുപ്രീംകോടതി. ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവത്തിലാണ് കോടതിയുടെ നിര്‍ദേശം. ഉന്നത കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയാകണം അന്വേഷിക്കണ്ടത്.

സത്യം അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെ അന്വേഷണത്തിനായി വയ്ക്കും. അദ്ദേഹം ഡല്‍ഹിയിലിരുന്നുകൊണ്ട്‌ തന്നെ അന്വേഷണം നടത്തുമെന്നും കോടതി പറഞ്ഞു. കേസില്‍ സുപ്രീംകോടതി നാളെയും വാദം കേള്‍ക്കല്‍ തുടരും.

ഡിസംബർ ആറിന് പുലർച്ചെയാണ് ഹൈദരാബാദ് കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തുന്നത്. തെളിവെടുപ്പിനിടെ കുറ്റകൃത്യം പുനഃരാവിഷ്‌കരിക്കുമ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് പ്രതികൾക്ക് നേരെ വെടിവച്ചത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെയാണ് വെടിവച്ചുകൊന്നത്.