ഉള്ളിവില നിയന്ത്രിക്കാൻ പല സംസ്ഥാനങ്ങളും രംഗത്തിറങ്ങിയപ്പോൾ കേരളം മാത്രമാണ് അതിന് അപവാദമായി നിൽക്കുന്നത്. ഇവിടെ വില ഉയർന്നുയർന്ന് ഇരുനൂറു രൂപയിലെത്തിയിട്ടും ഒന്നും ചെയ്യാതെ സർക്കാരും വിവിധ ഏജൻസികളും ജനങ്ങളെ കബളിപ്പിക്കുകയാണ്. വില നൂറുരൂപ കടന്നതോടെ ഇറക്കുമതിയെക്കുറിച്ച് ധാരാളം പ്രഖ്യാപനങ്ങളുണ്ടായി. മണിക്കൂർ വച്ച് വില കയറിയിട്ടും നിഷ്ക്രിയരായി നോക്കിനിൽക്കുന്നതല്ലാതെ വിപണി ഇടപെടലിന് ഉത്തരവാദപ്പെട്ടവർ തയ്യാറാവുന്നില്ല. ഉള്ളിയുടെ ക്ഷാമമല്ല, വിലക്കയറ്റമാണ് ജനത്തെ വലയ്ക്കുന്നത്. എല്ലാ കടകളിലും ഉള്ളിച്ചാക്കുകൾ നിരന്നിരിക്കുന്നതു കാണാം. കൊള്ളവില നൽകണമെന്നു മാത്രം. വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുമെന്ന പ്രഖ്യാപനം പ്രാവർത്തികമായില്ല. നാഫെഡിൽ നിന്ന് വാങ്ങി സംസ്ഥാനത്തുടനീളം ഹോർട്ടികോർപ്പ് സ്റ്റാളുകൾ വഴി ലഭ്യമാക്കുമെന്ന ഉറപ്പും പാഴായി. ഇതുവരെ ഇതിനൊന്നും നടപടിയായിട്ടില്ലെന്നാണ് ഇപ്പോൾ അറിയുന്നത്.
കഴിഞ്ഞ രണ്ടു വർഷത്തെ അപേക്ഷിച്ച് രാജ്യത്ത് ഉള്ളി ഉത്പാദനം ഈ വർഷം റെക്കാഡിലെത്തുമെന്നാണ് ദേശീയ ഹോർട്ടികൾച്ചർ ബോർഡിന്റെ വിലയിരുത്തൽ. 2.36 കോടി ടൺ ഉള്ളി ഈ വർഷം കൊയ്തെടുക്കാമെന്ന അവരുടെ കണക്ക് ആധികാരികമാണ്. 2017-ൽ ഉത്പാദനം 2.24 കോടി ടണ്ണും 2018-ൽ 2.33 കോടി ടണ്ണുമായിരുന്നു. നല്ല വിളവായിരുന്നതിനാൽ ഉള്ളിവില രാജ്യമെങ്ങും കുത്തനെ ഇടിയുകയും ചെയ്തു. കേരളത്തിൽ പോലും നൂറുരൂപയ്ക്ക് അഞ്ചും ആറും കിലോ ഉള്ളി വഴിവക്കിൽ വച്ചു വിറ്റ വർഷങ്ങളാണ് കടന്നുപോയത്. ഇപ്പോൾ ഒരു കിലോ ഉള്ളിക്ക് 200 രൂപ കൊടുത്തു വാങ്ങേണ്ടിവന്ന അസാധാരണ സാഹചര്യം എങ്ങനെ വന്നുചേർന്നു എന്നറിയാതെ സാധാരണക്കാർ കുഴങ്ങുകയാണ്. ഉള്ളിക്കു മാത്രമല്ല നിത്യോപയോഗ സാധനങ്ങളിൽ പലതിനും ആരോരുമറിയാതെ പത്തും പതിനഞ്ചും ശതമാനം വില ഉയർന്നുകഴിഞ്ഞു. ഏറ്റവും വലിയ 'ശത്രു"സ്ഥാനത്ത് ഉള്ളി നിൽക്കുന്നു എന്നേയുള്ളൂ. ഉള്ളി സൃഷ്ടിക്കാനിടയുള്ള കണ്ണീരിനെക്കുറിച്ച് നന്നായി അറിയാവുന്നവർ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒട്ടും സമയം പാഴാക്കാതെ വിപണി ഇടപെടൽ നടത്തി എന്നതാണ് എടുത്തുപറയേണ്ട കാര്യം. ആന്ധ്രയിലും ബംഗാളിലും തെലങ്കാനയിലും തമിഴ്നാട്ടിലുമൊക്കെ സർക്കാരുകൾ ജനങ്ങളുടെ സഹായത്തിനെത്തി. പരസ്യ വിപണിയിൽ ഇരുനൂറു രൂപ വരെ ഈടാക്കുന്ന ഉള്ളി സർക്കാർ ഏജൻസികൾ വഴി അൻപതും അറുപതും രൂപയ്ക്ക് ഉപഭോക്താക്കളിലെത്തിച്ചു. കേരളം മാത്രമാണ് ഈ വിഷയത്തിൽ ഒന്നും ചെയ്യാതിരിക്കുന്നത്. സപ്ളൈകോ വഴി 350 ടണ്ണും ഹോർട്ടികോർപ്പ് വഴി നൂറു ടണ്ണും ഇറക്കുമതി ചെയ്യുമെന്ന പ്രഖ്യാപനം വെറുതേയായി. പ്രഖ്യാപനം കൊണ്ടു മാത്രം വിദേശത്തു നിന്ന് ഉള്ളി സ്വയം ഇങ്ങോട്ടു കപ്പൽ കയറുകയില്ലല്ലോ. അതിനു വേണ്ടിയുള്ള കടലാസ് പണികൾ പൂർത്തിയാക്കണം. പണവും കെട്ടണം. അതിനൊന്നും നടപടി ഉണ്ടാകാത്തതിനാൽ ഉള്ളി വിദേശ പാണ്ടികശാലകളിൽത്തന്നെ കിടക്കുകയാണ്. നാഫെഡ് വഴി ഉള്ളി വാങ്ങി എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതു കിട്ടിയാൽ അറുപത്തഞ്ചു രൂപ നിരക്കിൽ വിൽക്കാനാകുമെന്നാണു പ്രതീക്ഷ. ഓരോ ആഴ്ചയും ആവശ്യത്തിനു മാത്രം വാങ്ങി എത്തിക്കാനാണ് ആലോചിക്കുന്നത്. സംഭരണ സൗകര്യമില്ലാത്തതിനാൽ വൻതോതിൽ ഉള്ളി വാങ്ങാനാവില്ലത്രെ. എങ്ങനെയായാലും ആവശ്യം നടന്നാൽ മതിയെന്നേ ജനങ്ങൾക്കുള്ളൂ.
പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ ശക്തമായ നിയമമുള്ളപ്പോഴാണ് ഉള്ളിക്കച്ചവടത്തിൽ കൊടിയ അനീതിയും ലാഭക്കൊയ്ത്തും നടക്കുന്നത്. ഇന്നേവരെ ഉണ്ടാകാത്ത തോതിൽ ഉള്ളിക്ക് വില കൂടിയിട്ടും അതു തടയാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കു സാധിക്കുന്നില്ല. വിപണിയിൽ നിന്ന് ലഭിക്കുന്ന കൊള്ളലാഭത്തിന്റെ നന്നേ ചെറിയൊരു ഭാഗമേ ഇപ്പോഴും ഉള്ളി കൃഷിക്കാരിലെത്തുന്നുള്ളൂ എന്നതാണ് മറ്റൊരു കാര്യം. ഇടനിലക്കാരും വ്യാപാരികളും ചേർന്നാണ് ലാഭമത്രയും പങ്കിടുന്നത്. പ്രശ്നം രണ്ടാഴ്ചയിലേറെയായി നിലനിൽക്കുകയാണെങ്കിലും തൃപ്തികരമായ പരിഹാരം കണ്ടുപിടിക്കാൻ കേന്ദ്രത്തിനോ സംസ്ഥാനങ്ങൾക്കോ കഴിയുന്നില്ല.
ഭക്ഷ്യരംഗത്ത് ഒരു പ്രതിസന്ധി ഉടലെടുക്കുമ്പോൾ സത്വരമായ സർക്കാർ ഇടപെടലാണ് ഏവരും പ്രതീക്ഷിക്കുന്നത്. ക്ഷാമം നേരിടുന്ന അവശ്യവസ്തുക്കൾ ഏതു വിധേനയും എത്തിക്കാൻ നടപടി എടുക്കണം. അതിന് സർക്കാർ മുറകളെ മാത്രം ആശ്രയിക്കയുമരുത്. അടിയന്തര സ്വഭാവമുള്ള പ്രശ്നങ്ങളിൽ തീരുമാനവും അതനുസരിച്ചാകണം. ഭക്ഷ്യ - കൃഷി വകുപ്പുകൾ ഉണർന്നു പ്രവർത്തിച്ചിരുന്നുവെങ്കിൽ ഇപ്പോഴത്തേതിന്റെ നാലിലൊന്നു വിലയ്ക്ക് ഉള്ളി ജനങ്ങളിലെത്തിക്കാൻ കഴിയുമായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലാണ് മന്ത്രിമാരുടെ ഇച്ഛാശക്തിയും കാര്യശേഷിയും മറനീക്കി പുറത്തു വരേണ്ടത്. ഉള്ളിയുടെ അഭൂതപൂർവമായ വിലക്കയറ്റം നിസാര പ്രശ്നമായി ആരും കാണരുത്.