troll

ബൈക്കിൽ യാത്രചെയ്യുമ്പോൾ പിന്നിലുള്ളയാളും ഹെൽമറ്റ് വയ്ക്കണമെന്ന നിയമം വളരെ നല്ലതാണ്. പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കേണ്ട സർക്കാർ സംവിധാനങ്ങൾ ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ ബൈക്ക് യാത്ര കഴിഞ്ഞ് ഈ രണ്ടു ഹെൽമറ്റുകളും എവിടെ സൂക്ഷിക്കും എന്ന ചോദ്യത്തിനാണ് ഉത്തരം പ്രയാസം. ഇതിനു ട്രോളിലൂടെ ഉത്തരവുമായി വന്നിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ആനവണ്ടിയായ കെ.എസ്.ആർ.ടിസിയുടെ സോഷ്യൽ മീഡിയ. ബൈക്ക് യാത്ര നിർത്തി ബസ് യാത്ര ശീലമാക്കിയാൽ ഹെൽമറ്റ് തൂക്കിയുള്ള യാത്രയ്ക്ക് അവസാനമാവുമെന്നാണ് ട്രോൾ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.

പോസ്റ്റിന്റെ പൂർണരൂപം

മോട്ടോർ വാഹനനിയമം 'കർശനമായി' നടപ്പാക്കി വരികയാണ് എന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ...

ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയുള്ള ഹൈക്കോടതി ഉത്തരവ് പുറത്തു വന്നതിനാൽ പ്രസ്തുത നിയമം പാലിക്കാൻ നാമെല്ലാവരും ബാധ്യസ്ഥരാണ്...

രണ്ട് ഹെൽമറ്റ് തൂക്കിയുള്ള യാത്രകൾ ഒഴിവാക്കാൻ ഒരു വഴിയുണ്ട്...

കെ.എസ്.ആർ.ടി.സി ബസ് യാത്രാ ശീലമാക്കുക...

ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്ത് അനാവശ്യമായ അപകടങ്ങളിൽ ചെന്ന് ചാടാതെയും സുഖകരമായ യാത്ര ആസ്വദിക്കാനും കെ.എസ്.ആർ.ടി.സി. ബസ്സുകളിലെ യാത്ര ദിനചര്യകളിൽ ഉൾപ്പെടുത്തുക...

ഈ തലമുറയ്ക്കും അടുത്ത തലമുറയ്ക്കുമായി പൊതുഗതാഗതം ശക്തിപ്പെടുത്തുക...

കെ.എസ്.ആർ.ടി.സി എന്നും ജനങ്ങളോടൊപ്പം...