modi

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് വർഗ്ഗീയ കലാപത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ജസ്റ്റിസ് നാനാവതി - മേത്ത കമ്മിഷൻ ക്ലീൻ ചിറ്റ് നൽകി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസിന് വീഴ്‌ച പറ്റിയെന്നും അതിന് നടപടി എടുക്കണമെന്നും ഇന്നലെ ഗുജറാത്ത് നിയമസഭയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ ശുപാർശയുണ്ട്. കൊല്ലപ്പെട്ട മുൻ ആഭ്യന്തരമന്ത്രി ഹരേൻ പാണ്ഡ്യ ഉൾപ്പെടെയുള്ള അന്നത്തെ മന്ത്രിമാർക്കും റിപ്പോർട്ട് ക്ലീൻ ചിറ്റ് നൽകി.

2014ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് അഞ്ച് വർഷത്തിന് ശേഷമാണ് സഭയിൽ വയ്ക്കുന്നത്.

'ഗോധ്രയിൽ ട്രെയിൻ തീവച്ചതിന് ശേഷം നടന്ന കലാപം ആസൂത്രിതമായിരുന്നില്ല. മോദിക്ക് കലാപത്തിൽ പങ്കില്ല. സർക്കാർ കലാപം തടയാനാണ് ശ്രമിച്ചത്. ചിലയിടത്ത് ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റി. സേന എണ്ണത്തിൽ കുറവായിരുന്നു. മതിയായ ആയുധങ്ങളുമുണ്ടായിരുന്നില്ല. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആർ.ബി ശ്രീകുമാർ, രാഹുൽ ശർമ്മ എന്നിവരുടെ മൊഴി വിശ്വസനീയമല്ല ' - 1500 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

2014ൽ സമർപ്പിച്ച റിപ്പോർട്ടിലെ ഉള്ളടക്കം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുൻ എ.ഡി.ജി.പി ആർ.ബി. ശ്രീകുമാർ കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ റിപ്പോർട്ട് നിയമസഭയിൽ വച്ചത്.

ഗോധ്രയിൽ കത്തിച്ച ട്രെയിനിൽ കർസേവകർ കൊല്ലപ്പെട്ടതിന്റെ രോഷം തീർക്കാൻ ഹിന്ദുക്കളെ അനുവദിക്കണമെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞുവെന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ മൊഴി.

 2002 ഫെബ്രുവരി 27ന് അയോദ്ധ്യയിൽ നിന്നുള്ള കർസേവകർ സഞ്ചരിച്ച സബർമതി എക്‌സ്‌പ്രസ് ട്രെയിനിന്റെ ബോഗിക്ക് ഗോധ്ര സ്റ്റേഷന് സമീപം തീയിട്ടതിൽ 59 പേർ കൊല്ലപ്പെട്ടു

പിന്നാലെ ഗുജറാത്തിലാകെ വർഗ്ഗീയ കലാപം.

2000ത്തോളം പേർ കൊല്ലപ്പെട്ടു

അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് കമ്മിഷനെ നിയോഗിച്ചത്.

മുൻ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി കെ.ജി. ഷാ ആയിരുന്നു ആദ്യ കമ്മിഷൻ.

അമിത് ഷായുമായി അടുപ്പമുണ്ടെന്ന വിമർശനത്തെ തുടർന്ന് മുൻ സുപ്രീം കോടതി ജസ്റ്റിസ് നാനാവതിയെ കമ്മിഷൻ അദ്ധ്യക്ഷനാക്കി.

ഷാ മരിച്ചതോടെ മുൻ ഹൈക്കോടതി ജഡ്ജി എ. കെ മേത്തയെ അംഗമായി നിയമിച്ചു.

2009 സെപ്തംബർ 25ന് റിപ്പോർട്ടിന്റെ ആദ്യ ഭാഗം നിയമസഭയിൽ സമർപ്പിച്ചിരുന്നു.

 ആസൂത്രിതമായാണ് ഗോധ്രയിൽ ട്രെയിനിന് തീവച്ചതെന്നായിരുന്നു റിപ്പോർട്ട്.