സൺഗ്രൂർ: റെബി പാൽ എന്ന ഉത്തർ പ്രദേശുകാരി സൺഗ്രൂറിലെ വാർ ഹീറോ സ്റ്റേഡിയത്തിലെ ഹീറോയിനായി മാറിയ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്രിന്റെ ഒന്നാം ദിനം കേരളത്തിന്റെ നേട്ടം ഒരൊറ്ര വെങ്കലത്തിൽ ഒതുങ്ങി. പെൺകുട്ടികളുടെ ഹൈജമ്പിൽ മീര ഷിബുവാണ് കേരളത്തിന്റെ അക്കൗണ്ടിലേക്ക് വെങ്കലമെത്തിച്ചത്. ഇന്നലെ നടന്ന മറ്ര് മൂന്ന് ഫൈനലുകളിലും മെഡൽ നേടാൻ കേരളതാരങ്ങൾക്ക് കഴിഞ്ഞില്ല.
മരവിച്ച് കേരളം
സൺഗ്രൂറിലെ തണുത്ത കാലാവസ്ഥയോട് പൊരുത്തപ്പെടാനാവാതെ ആദ്യ ദിനത്തിൽ കേരളം പതറി. ആൺകുട്ടികളുടെ 3000 മീറ്രറിൽ അമിതിനും പെൺകുട്ടികളുടെ 3000 മീറ്രറിൽ മിന്നു പി. റോയിക്കും പേശി വലിവ് മൂലം മത്സരം പൂർത്തിയാക്കാനായില്ല. ആൺകുട്ടികളിൽ വിഷ്ണു ബിജു നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ പെൺകുട്ടികളിൽ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന സി.ചാന്ദിനി ഇരുപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തണത്ത കാറ്രടിക്കുന്നതിനാൽ തൊണ്ട വരണ്ട് ശ്വാസം എടുക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് താരങ്ങൾ പറഞ്ഞു.
100 മീറ്രറിൽ ആർ.കെ. സൂര്യജിത്ത്, ആൻസി സോജൻ, 400 മീറ്രറിൽ ആർ. ഹരിശങ്കർ, ഗൗരി നന്ദന, എ.എസ്. സാന്ദ്ര, ലോംഗ് ജമ്പിൽ ടി.ജെ. ജോസഫ് എന്നിവർ ഫൈനലിലേക്ക് യോഗ്യത നേടി.
പഞ്ചാബിലെ തണുപ്പിൽ വിറങ്ങലിക്കുന്ന കേരള ടീമിന് ആത്മവിശ്വാസത്തിന്റെ ചൂട് പകർന്ന് നൽകാൻ ഒളിമ്പ്യൻ കെ.ടി. ഇർഫാന്റെ നേതൃത്വത്തിൽ പട്യാലയിലെ നാഷണൽ ക്യാമ്പിൽനിന്ന് ജിതിൻ പോൾ, അബദുൾ റസാഖ്, ജിബിൻ സെബാസ്റ്ര്യൻ, ലിക്സി ജോസഫ്, പി.കെ. ശാലിനി തുടങ്ങിയ ഇന്ത്യൻ താരങ്ങൾ വാർ ഹീറോ സ്റ്രേഡിയത്തിലെത്തി.
വേഗതാരത്തെ ഇന്നറിയാം
മീറ്റിലെ ഗ്ലാമർ പോരാട്ടമായ നൂറ് മീറ്റർ മത്സരങ്ങൾ ഉൾപ്പെടെ ഒമ്പത് ഫൈനലുകൾ ഇന്ന് നടക്കും.