തിരുവനന്തപുരം: 2019ലെ പാലിയേറ്റീവ് പരിചരണ നയം മന്ത്രിസഭായോഗം അംഗീകരിച്ചു. എല്ലാ വ്യക്തികൾക്കും സമൂഹ പിന്തുണയോടെയും ഗൃഹകേന്ദ്രീകൃതവുമായ ഉയർന്ന നിലവാരത്തിലുള്ള പാലിയേറ്റീവ് പരിചരണ സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായി പാലിയേറ്റീവ് പരിചരണ നയം നടപ്പിലാക്കിയത് കേരളമാണ്. സംസ്ഥാനത്തെ പാലിയേറ്റീവ് പരിചരണ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന രീതിയിൽ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തും. സർക്കാരിതര, സാമൂഹ്യാധിഷ്ഠിത സംഘടനകൾ, സർക്കാർ മേഖലയ്ക്ക് പുറത്തുള്ള ആശുപത്രികൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പു വരുത്തി പാലിയേറ്റിവ് പരിചരണ സേവനങ്ങളുടെ ലഭ്യത വിപുലീകരിക്കും. ആവശ്യമായ മരുന്നുകളും സാമഗ്രികളും ഉറപ്പുവരുത്തും. മെഡിക്കൽ കോളേജുകളെ പാലിയേറ്റീവ് പരിചരണ രംഗത്തെ മികവിന്റെ കേന്ദ്രങ്ങളാക്കും.
അതേസമയം, കേരള പുനർനിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതി നിർദേശങ്ങൾ അംഗീകരിച്ചു. ദുരന്തത്തെ പ്രതിരോധിക്കാൻ കെൽപ്പുള്ള പ്രാദേശിക സമൂഹത്തെ രൂപപ്പെടുത്തുന്നതിനും ആവശ്യമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനും 'നമ്മൾ നമുക്കായി' എന്ന ജനകീയ ക്യാമ്പയിൻ നടത്തും. കൃഷി, മത്സ്യബന്ധനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ പദ്ധതികൾക്കും മാപ്പത്തോൺ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി. കേരള പുനർ നിർമ്മാണ പദ്ധതി ഉന്നതാധികാര സമിതി അംഗീകരിച്ച പദ്ധതി നിർദേശങ്ങൾ റീബിൽഡ് കേരള പദ്ധതിയുടെ പേരിൽ ലോക ബാങ്കിന്റെ വികസന വായ്പയിൽ നിന്നും നടപ്പാക്കും.
വസന്തോത്സവം 2020 ൽ പങ്കെടുക്കുന്ന വിവിധ സർക്കാർ/അർദ്ധ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും സ്വന്തം ഫണ്ടിൽ നിന്നും തുക ചെലവഴിക്കാനും മന്ത്രിസഭായോഗം അനുമതി നൽകിയിട്ടുണ്ട്. പരമാവധി 5 ലക്ഷം രൂപ ചെലവഴിക്കാനാണ് അനുമതി. 2019 ഡിസംബർ 21 മുതൽ ജനുവരി 3 വരെ തിരുവനന്തപുരം നിശാഗന്ധി, കനകക്കുന്ന്, സൂര്യകാന്തി ഫെയർ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വസന്തോത്സവം. പൊതുമരാമത്ത് വകുപ്പിൽ പുതുതായി നിലവിൽ വന്ന നിരത്തു പരിപാലന വിഭാഗം, പാലങ്ങൾ വിഭാഗം, കെട്ടിട വിഭാഗം കാര്യാലയങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് മിനിസ്റ്റീരിയൽ ജീവനക്കാരുടെ തസ്തികകൾ വകുപ്പിന്റെ വിവിധ കാര്യാലയങ്ങളിൽ നിന്നും പുനർ വിന്യാസത്തിലൂടെ സൃഷ്ടിക്കും.
ജൂനിയർ സൂപ്രണ്ട് 13, സീനിയർ ക്ലാർക്ക്/ക്ലാർക്ക് 152, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് 4, ടൈപ്പിസ്റ്റ് 47, ഓഫീസ് അറ്റൻഡന്റ് 38 എന്നിങ്ങനെ 254 തസ്തികകളാണ് പുനർ വിന്യാസത്തിലൂടെ നികത്തുക. 32 മിനിസ്റ്റീരിയൽ തസ്തികകളുടെ പദവി ഉയർത്താനും തീരുമാനിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അദ്ധ്യക്ഷനായ പി.സുരേഷിന് ചീഫ് സെക്രട്ടറി പദവിയും കെ.എസ്.ആർ ഭാഗം 3 ചട്ടം 100 പ്രകാരം വേതനവും നൽകാൻ തീരുമാനിച്ചു. 2020 ജനുവരി 1, 2, 3 തീയതികളിൽ നടക്കുന്ന രണ്ടാമത് ലോകേരള സഭയുടെ കാര്യപരിപാടികൾ മന്ത്രിസഭാ യോഗം അംഗീകരിച്ചു.
പൊതുഭരണവകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ സൈനിക് വെൽഫെയൽ, പ്രിന്റിംഗ്& സ്റ്റേഷനറി വകുപ്പുകളുടെ പ്രിൻസിപ്പിൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് പൊതുഭരണവകുപ്പ്, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു. കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. രത്തൻ യു.ഖേൽക്കർക്ക് നാഷണൽ ഹെൽത്ത് മിഷന്റെ സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ അധിക ചുമതല നൽകി.