ഇരുപത്തി നാലാമത് രാജ്യാന്തര ചലച്ചിത്ര മേള ആവേശക്കൊടുമുടിയേറുമ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാനും മേളയുടെ അമരക്കാരനുമായ കമൽ തിരക്കിൽ നിന്ന് തിരക്കിലേക്കുള്ള യാത്രയിലാണ്. ഐ.എഫ്.എഫ്.കെയുടെ പ്രവർത്തനങ്ങൾ കമൽ വിലയിരുത്തുമ്പോൾ-
ഇത്തവണത്തെ മേള യുടെ ഏറ്റവും വലിയ പ്രത്യേകത
കഴിഞ്ഞ വർഷം നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഐ.എഫ്.എഫ്കെയ്ക്ക് സർക്കാർ പണം നൽകില്ലെന്ന് അറിയിച്ചിരുന്നു. ചലച്ചിത്ര മേള നടത്താൻ പറ്റില്ല എന്ന സാഹചര്യത്തിൽ 2000 രൂപ ഫീസ് ആക്കുകയും, അതുകൊണ്ടുതന്നെ ആളുകൾക്ക് അത് അഫോർഡ് ചെയ്യാൻ പറ്റുന്നതായിരുന്നില്ല. പ്രളയം ജനജീവിതത്തെ ബാധിച്ചിരുന്നതു കൊണ്ടു തന്നെ കഴിഞ്ഞ വർഷം മേളയിൽ തിരക്ക് കുറവായിരുന്നു. ആ വർഷം ആ പ്രശ്നങ്ങളൊന്നുമില്ല. ഇതിനു മുമ്പിലത്തെ വർഷങ്ങളെ പോലെ എല്ലാവരും സജീവമായി രംഗത്തുണ്ട്. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകതയായി ഞാൻ കാണുന്നത് എല്ലാവരും തിയേറ്ററിൽ സിനിമ കാണാനായി സജീവമായി എത്തുന്നുണ്ട് എന്നതാണ്.
വിവാദങ്ങളെ കുറിച്ച്
ഒരു സെലക്ഷൻ കമ്മിറ്റിയുടെ മുന്നിലുള്ള വിഷയമാണ് സിനിമ തിരഞ്ഞെടുപ്പ് എന്ന് പറയുന്നത്. 92 സിനിമകൾ ഈ വർഷമുണ്ടായിരുന്നു. ടി.വി ചന്ദ്രൻ ചെയർമാനായിട്ടുള്ള സെലക്ഷൻ കമ്മിറ്റിയുടെ മുമ്പിലാണ് ഈ സിനിമകളൊക്കെ വന്നത്. സിനിമകൾ സെലക്ട് ചെയ്യാനുള്ള പൂർണമായ അധികാരം സെലക്ഷൻ കമ്മിറ്റിക്കാണ്. അതിൽ അക്കാദമിക്ക് ഇടപെടാൻ പറ്റില്ല. ഒരു സിനിമ മാറ്റി മറ്റൊരെണ്ണം സെലക്ട് ചെയ്യണമെന്ന് പറയാനും കഴിയില്ല. കഴിഞ്ഞ വർഷം ഒരുപാട് സമാന്തര സിനിമകൾ വന്നിട്ടുണ്ടായിരുന്നു.
റിലീസ് ചെയ്ത സിനിമകൾ കൂടുതൽ വരാനുള്ള കാരണം
റിലീസ് ചെയ്ത സിനിമകളാണ് ഇത്തവണ കൂടുതൽ വന്നത്. അതിനു കാരണം, അത്തരം സിനിമകളാണ് സെലക്ഷൻ കമ്മിറ്റിയുടെ മുന്നിൽ കൂടുതൽ നിലവാരമുള്ളതായി അവർക്ക് അനുഭവപ്പെട്ടത്. അതുകൊണ്ടാവാം അത്തരം സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ടാവുക.
നല്ല സിനിമയാണോ എന്നത് മാത്രമാണ് ഉയരേണ്ട ചോദ്യം
വാണിജ്യ സിനിമകൾ എന്നു പറയുന്നത് എന്താണ്. തിയേറ്രറിൽ ഓടി എന്നതാണോ? അങ്ങനെയാണെങ്കിൽ നല്ല സിനിമകൾ തിയേറ്രറിൽ ഓടിയിട്ടുണ്ടെങ്കിൽ അത് ഫിലിം ഫെസ്റ്റിവലിന് കാണിക്കാൻ പാടില്ല എന്നാണോ പറയുന്നത്. അതൊരു മാനദണ്ഡമേയല്ല. അതുതന്നെയാണ് സെലക്ഷൻ കമ്മിറ്റി ഞങ്ങളോട് ചോദിച്ചത്. പിന്നെ തീർച്ചയായും അതിലെന്തെങ്കിലും അപാകതയുണ്ടോ എന്ന കാര്യം അക്കാദമി പരിശോധിക്കും.