news

ചരിത്രദൗത്യം വിജയം. പി.എസ്.എല്‍.വി ചരിത്ര കുതിപ്പ് നടത്തി ഇന്ത്യ.

1. ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹത്തേയും വഹിച്ചുള്ള പി.എസ്.എല്‍.വിയുടെ 50-ാം കുതിപ്പ് വിജയകരം. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബി. ആര്‍-1നേയും വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളേയും വഹിച്ച് ആണ് പി.എസ്.എല്‍.വിയുടെ ക്യു.എല്‍ പതിപ്പ് ഭ്രമണപഥത്തില്‍ എത്തിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 3.28 ന് ആയിരുന്നു വിക്ഷേപണം. 628 കിലോഗ്രാം ഭാരമുള്ള റിസാറ്റ്-2 ബി.ആര്‍-1 കൃഷി, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വാന നിരീക്ഷണം എന്നിവയ്ക്ക് ഉപയോഗിക്കാം. 5 വര്‍ഷമാണ് കാലാവധി




2. ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡുമായി ചേര്‍ന്ന് വാണിജ്യ അടിസ്ഥാനത്തില്‍ യു.എസ്.എ, ഇസ്രയേല്‍, ഇറ്റലി, ജപ്പാന്‍ എന്നിവടങ്ങളില്‍ നിന്നുള്ള 9 വിദേശ ഉപഗ്രങ്ങളും റിസാറ്റ് 2 ബിആര്‍ 1 ഉപഗ്രഹത്തിന് ഒപ്പം വിക്ഷേപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരം 21 മിനിറ്റിനുള്ളില്‍ വിക്ഷേപണം ദൗത്യം പൂര്‍ത്തിയായി. ദൗത്യം വിജയകരം ആക്കിയ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ഐ.എസ്.ആര്‍.ഒ ഡയറക്ടര്‍ കെ. ശിവന്‍. രണ്ടു ദൗത്യങ്ങള്‍ ഒഴിച്ചാല്‍ ഇതുവരെ 47 വിക്ഷേപണവും വിജയകരമായി പൂര്‍ത്തിയാക്കിയ ട്രാക്ക് റിക്കാര്‍ഡോടെ ആണ് പി.എസ്.എല്‍.വി 50-ാം യാത്രയ്ക്ക് നടത്തിയത്
3. നിര്‍മ്മാതാക്കള്‍ക്ക് എതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്നും നിര്‍മ്മാതാക്കാളെ മുഴുവന്‍ താന്‍ അപമാനിക്കുന്ന രീതിയില്‍ ആണ് പ്രസ്താവന മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നും ഷെയ്ന്‍ നിഗം ഫേസ്ബുക്കില്‍ കുറിച്ചു. നിര്‍മാതാക്കള്‍ക്ക് ഷെയ്‌ന്റെ പ്രവൃത്തി മൂലം മനോവിഷമം ഉണ്ടായോ എന്ന് ചോദ്യത്തിന് നിര്‍മാതാക്കള്‍ക്ക് മനോവിഷമം ആണോ മനോരോഗം ആണോ എന്നറിയില്ല എന്നാണ് ഷെയ്ന്‍ പ്രതികരിച്ചത്. ഈ പ്രസ്താവന ആയിരുന്നു വിവാദത്തില്‍ ആയത്. ഷെയ്‌ന്റെ പ്രസ്താവനയില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും രംഗത്ത് എത്തി ഇരുന്നു. ഷെയ്ന്‍ മാപ്പ് പറയാതെ ഇനി ഒരു പ്രശ്ന പരിഹാരത്തിനും ഇല്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു.
4. വയനാട്ടില്‍ പ്രളയാനന്തര അടിയന്തര സഹായം ലഭിക്കാത്ത 1370 പേര്‍ക്ക് ഉടന്‍ സഹായം നല്‍കാന്‍ ശ്രമിക്കും എന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ. ഒരാള്‍ക്ക് ആണെങ്കില്‍ പോലും അടിയന്തര സഹായം ലഭ്യമാക്കാതെ ഇരിക്കരുത്. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കും എന്നും എം.എല്‍.എ പറഞ്ഞു. വയനാട്ടില്‍ ഇത്തവണ പ്രളയ ബാധിതരായി സര്‍ക്കാര്‍ കണക്കാക്കിയത് 1255 കുടുബങ്ങളെ ആണ്. ഇവരില്‍ 1370 പേര്‍ക്ക് അടിയന്തര സഹയം ലഭിച്ചില്ല എന്ന വാര്‍ത്തയ്ക്ക് മറുപടി ആയാണ് എം.എല്‍.എയുടെ പ്രതികരണം.
5. ബാലവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷിന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ആണ് തീരുമാനം. ബാലാവകാശ കമ്മിഷന് ഇതുവരെ സേവന വേതന വ്യവസ്ഥകള്‍ ഇല്ലായിരുന്നു എന്നാണ് വിശദീകരണം. മുന്‍ എം.പി എ.സമ്പത്തിനും അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകര പ്രസാദിനും ക്യാബിനറ്റ് റാങ്ക് നല്‍കുകയും കോളേജ് യൂണിയന്‍ ഭരവാഹികളെ വിദേശ സന്ദര്‍ശനത്തിന് അയയ്ക്കുകയും ചെയ്തതിന് പിന്നാലെ ആണ് ഈ നടപടി.
6. കോഴിക്കോട് സഹപാഠിയുടെ പേനകൊണ്ട് കണ്ണില്‍ കുത്തേറ്റ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന പരാതിയില്‍ നടപടി. സ്‌കൂള്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. എ.കെ.ടി.എം എല്‍.പി സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിയായ തന്‍വീറിനാണ് കണ്ണിന് ഇന്നലെ പരിക്കേറ്റത്. കുട്ടിയുടെ കൃഷ്ണമണിക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കാഴ്ച തിരിച്ച് കിട്ടുമോ എന്നത് സംബന്ധിച്ച് ഉറപ്പ് പറയാന്‍ ആകില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. അപകടം സംബന്ധിച്ച് ക്ലാസ് ടീച്ചര്‍ യഥാസമയം ഹെഡ്മാസ്റ്ററെ വിവരം അറിയിച്ചില്ല എന്നാണ് കുട്ടിയുടെ മാതാവിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് അധ്യാപികയ്ക്ക് എതിരെ നടപടി.
7. കുണ്ടറയില്‍ അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു. പെരുമ്പുഴ അഞ്ചുമുക്ക് സ്വദേശി ഷൈലയാണ് മരിച്ചത്. സംഭവത്തില്‍ അയലല്‍വാസി ആയ അനീഷിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. നാട്ടുകാരാണ് അനീഷിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഷൈലയും അനീഷും തമ്മില്‍ നേരത്തെ പ്രണയത്തില്‍ ആയിരുന്നെന്ന് ആണ് പൊലീസ് പറയുന്നത്. ഷൈലയും ആയുള്ള ബന്ധമറിഞ്ഞ അനീഷിന്റെ ഭാര്യ പിണങ്ങിപോയി. ഈ വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്നാണ് പോലിസ് പറയുന്നത്.
8. കാര്‍ത്തിയും ജോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രം തമ്പിയുടെ ട്രെയിലര്‍ പുറത്തിറക്കി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തമ്പി. പാപനാശം എന്ന സിനിമയ്ക്കുശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തമ്പി. സത്യരാജ്, നിഖില വിമല്‍, ഇളവരസ്, ബാല, ആന്‍സണ്‍, ഹരീഷ് പേരടി എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ആര്‍.ഡി. രാജശേഖറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രം ഡിസംബറില്‍ 20 ന് തിയറ്ററുകളില്‍ എത്തും.
9. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ബോളിവുഡ് ചിത്രം ഛപാകിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മേഘ്ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിവാഹാ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്ന ചിത്രമാണിത്. വിക്രം മാസ്സിയാണ് ദീപികയുടെ നായകനാവുന്നത്. ഛപാക്ക് 2020 ജനുവരി 10ന് റിലീസിനെത്തും