തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടന കാലത്തെ തിരക്ക് നിയന്ത്രിക്കാൻ മാളികപ്പുറവും ചന്ദ്രാനന്ദൻ റോഡും തമ്മിൽ ബന്ധിപ്പിച്ച് ഫ്ലൈ ഓവർ നിർമ്മിക്കും. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരളാ ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡിനാണ് (കെൽ) നിർമാണ ചുമതല. മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് നിർമ്മാണം.
21 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പാലം 18 മാസത്തിനുളളിൽ പൂർത്തിയാക്കാനാണ് തീരുമാനം. 375 മീറ്റർ നീളവും 6.4 മീറ്റർ വീതിയും 3 മീറ്റർ ഉയരവുമാണ് പാലത്തിനുണ്ടാവുക. ദർശനം കഴിഞ്ഞ് മടങ്ങുന്നവർക്ക് വലിയ നടപ്പന്തലിലോ തിരുമുറ്റത്തോ പ്രവേശിക്കാതെ ഇതിലൂടെ തിരിച്ചുവരാം.
ദിവസം മൂന്നു ലക്ഷത്തോളം ഭക്തർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന പാലത്തിൽ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് സുരക്ഷാ ഇടനാഴികളുമുണ്ടാകും. നിബിഡ വനത്തിലൂടെ നിർമിക്കുന്ന പാലം പരിസ്ഥിതി സൗഹൃദമായും ആനത്താരക്ക് തടസമാകാത്ത രീതിയിലുമാണ് സജ്ജമാക്കുന്നത്.
മാളികപ്പുറത്തിനു സമീപം നിർമ്മിക്കുന്ന പ്രസാദ വിതരണ കോപ്ലക്സ് കൂടി പൂർത്തിയാകുന്നതോടെ ഭക്തർക്ക് അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങൾ വാങ്ങി പാലത്തിലൂടെ അതിവേഗം തിരിച്ചിറങ്ങാനാകും.
ചെലവ്: 21 കോടി
375 മീറ്റർ നീളം,6.4 മീറ്റർ വീതി, 3 മീറ്റർ ഉയരം