bill
BILL

ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ മൂന്നാംദിനവും പ്രതിഷേധം വ്യാപകമായ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അയ്യായിരത്തോളം അർദ്ധസൈനികരെ അധികം വിന്യസിച്ചു. പതിനായിരങ്ങൾ തെരുവിലിറങ്ങിയ അസാം യുദ്ധക്കളമായി. തലസ്ഥാനമായ ഗുവാഹത്തിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. പ്രക്ഷോഭകരിൽ ഭൂരിപക്ഷവും വിദ്യാർത്ഥികളാണ്. ദിസ്‌പുർ, ഗുവാഹത്തി, ദീബ്രുഗഡ്, ജോർഘട്ട് തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി. സെക്രട്ടേറിയറ്റിനും നിയമസഭയ്ക്കും മുന്നിൽ നടന്ന ഏറ്റുമുട്ടലിലും ലാത്തിച്ചാർജിലും നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് പ്രക്ഷോഭകരെ കസ്റ്റഡിയിലെടുത്തു.

എൺപതുകളിൽ നടന്ന, ആറ് വർഷം നീണ്ട അക്രമാസക്തമായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിന് സമാനമായ സംഘർഷമാണ് അസാമിൽ ഇപ്പോൾ. അന്നത്തെ പോലെ സൈന്യത്തെ രംഗത്തിറക്കിയേക്കുമെന്നാണ് റിപ്പോർട്ട്. സൈന്യത്തോട് സജ്ജമായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സി.ആർ.പി.എഫ്, ബി.എസ്.എഫ്, സശസ്ത്ര സീമാ ബൽ എന്നീ വിഭാഗങ്ങളെയാണ് ഇന്നലെ വ്യോമമാർഗം എത്തിച്ചത്.

ഗുവാഹത്തിയിൽ ഇന്നലെ പ്രകടനം നടത്തിയ വിദ്യാർത്ഥികളെ പൊലീസ് തടഞ്ഞത് വൻ സംഘർഷത്തിനിടയാക്കി. പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്‌തു. സമരക്കാർ റോഡുകളിൽ ടയർ കത്തിച്ച് ഗതാഗതം തടഞ്ഞു. ഞായറാഴ്‌ച പ്രധാനമന്ത്രി മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും തമ്മിൽ നടക്കാനിരുന്ന ഉച്ചകോടിക്കായി ഒരുക്കിയ വേദി പ്രക്ഷോഭകർ തകർത്തു. മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ ഗുവാഹത്തി വിമാനത്താവളത്തിൽ കുടുങ്ങി. സുരക്ഷാസേന വളരെ പണിപ്പെട്ടാണ് അദ്ദേഹത്തെ വസതിയിലെത്തിച്ചത്. അസാമിലെ 10 ജില്ലകളിൽ 24 മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് റദ്ദാക്കി.

ത്രിപുരയിൽ മൊബൈൽ ഇന്റർനെറ്റ്, എസ്.എം.എസ് സേവനങ്ങൾ 48 മണിക്കൂർ റദ്ദാക്കി.

വിദ്യാർത്ഥി സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചു.

അരുണാചൽ പ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ, വാണിജ്യ സ്ഥാപനങ്ങൾ, കമ്പോളങ്ങൾ എന്നിവ അടച്ചുപൂട്ടി. അസാം, ത്രിപുര, മിസോറം, മേഘാലയ സംസ്ഥാനങ്ങളിലെ സ്‌കൂൾ കോളേജ് പരീക്ഷകൾ മാറ്റിവച്ചു. വടക്കുകിഴക്കൻ അതിർത്തി റെയിൽവേ പതിന്നാല് ട്രെയിനുകൾ റദ്ദാക്കി.