കൊച്ചി: നിർമ്മാതാക്കൾക്ക് മനോരോഗമെന്ന് ആക്ഷേപം ഉന്നയിച്ച നടൻ ഷെയിൻ നിഗമിന് എതിരെ സിനിമാ സംഘടനകൾ കുരുക്കു മുറുക്കുന്നതിനിടെ ക്ഷമാപണവുമായി താരം രംഗത്ത്. ഷെയിനിനെ സിനിമകളിൽ സഹകരിപ്പിക്കരുതെന്ന് സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിനും മറ്റു ഭാഷകളിലെ സിനിമാ സംഘടനകൾക്കും കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് കത്ത് നൽകിയതിനു പിന്നാലെയാണ് ഫേസ്ബുക്ക് വഴിയുള്ള മാപ്പപേക്ഷ.
അതേസമയം ഫേസ് ബുക്കിലെ മാപ്പു പറച്ചിൽ കണക്കിലെടുക്കാനാവില്ല എന്ന നിലപാടിലാണ് താര സംഘടനയായ അമ്മ.
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചേംബറിന് കത്ത് നൽകിയിരുന്നു. ഷെയിനിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കവും നിർമ്മാതാക്കൾ നടത്തുന്നുണ്ട്. 19 ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ എക്സിക്യുട്ടീവ് യോഗം കൊച്ചിയിൽ ചേരും.കരാർ ലംഘനം മൂലം മുടങ്ങിയ വെയിൽ, ഖുർബാനി എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കൾക്കുളള നഷ്ടപരിഹാരമാണ് യോഗത്തിന്റെ പ്രധാന അജണ്ട.
22 ന് നടക്കുന്ന അമ്മ എക്സിക്യുട്ടീവ് യോഗവും വിവാദം ചർച്ച ചെയ്യുന്നുണ്ട്. സംഘടനാ പ്രസിഡന്റ് ആയ മോഹൻലാൽ യോഗത്തിൽ പങ്കെടുക്കുന്നതിനാൽ വിവാദത്തിന് അയവ് വരുമെന്ന പ്രതീക്ഷയിലാണ് ഷെയിനിന്റെ ആരാധകർ.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് നിർമ്മാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോ എന്ന് അറിയില്ലെന്ന് ഷെയ്ൻ നിഗം വിവാദ പരാമർശം നടത്തിയത്. അമ്മയും ഫെഫ്‌കയും ഇടപെട്ട് പ്രശ്നപരിഹാര ചർച്ച നടത്താനിരിക്കെയായിരുന്നു ഇത്. അതോടെ ചർച്ചകൾ തകിടം മറിയുകയും ചെയ്തു.
എനിക്കെതിരെയുയർന്ന ആരോപണങ്ങൾ ക്ഷമിച്ചതു പോലെ ഇതും ക്ഷമിക്കണം. ഞാൻ ആരാധിക്കുന്ന ദൈവവും വിശ്വസിക്കുന്ന സംഘടനയും എനിക്കൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
- ഷെയ്ൻ നിഗം