assam-

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായതോടെ ഇവിടങ്ങളിൽ 5000 അർദ്ധസൈനികരെ കേന്ദ്രസർക്കാർ നിയോഗിച്ചു. സി.ആർ.പി.എഫ്, ബി.എസ്.എഫ്, സശസ്ത്ര സീമാ ബൽ വിഭാഗങ്ങളെയാണ് വ്യോമമാർഗം എത്തിച്ചത്.

ഇതിനു പുറമെ 70 സൈനികരെയും അസമിലേക്ക് അയച്ചിട്ടുണ്ടെന്ന് സൈനിക വക്താവിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊലീസിന്റെ ദ്രുത കർമസേനയെയും അസമിൽ വിന്യസിച്ചിട്ടുണ്ട്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം തുടർച്ചയായ മൂന്നാം ദിവസവും തുടരുകയാണ്. പ്രക്ഷോഭകരെ നിയന്ത്രിക്കാൻ അസമിലെ ദിസ്പുർ, ഗോഹട്ടി, ദീബ്രുഘട്ട്, ജോർഘട്ട് എന്നിവിടങ്ങളില്‍ പൊലീസ് ലാത്തിചാർജ് നടത്തി.

നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ കഴിഞ്ഞ ദിവസം 11 മണിക്കൂർ ബന്ദ് ആചരിച്ചിരുന്നു. ത്രിപുരയിൽ പ്രതിഷേധം അക്രമാസക്തമാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മൊബൈൽ ഇന്റർനെറ്റിനും എസ്.എം.എസ് സേവനങ്ങൾക്കും 48 മണിക്കൂർ നേരത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ത്രിപുരയിൽ പ്രക്ഷോഭകർ വാഹനങ്ങള്‍ തടഞ്ഞതിനിടെ ആശുപത്രിയിലേക്ക് കൊണ്ടുപോയ രണ്ടുമാസം പ്രായമുള്ള കുട്ടി മരിച്ചു. പ്രതിഷേധം കണക്കിലെടുത്ത് അസം, ത്രിപുര, മിസോറം, മേഘാലയ സംസ്ഥാനങ്ങളിലെ സ്‌കൂള്‍ - കോളേജ് പരീക്ഷകളു മാറ്റിവച്ചിരുന്നു.