china
ചിത്രത്തിൽ നിന്നൊരു രംഗം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിൽ ഇന്നലെ പ്രദർശിപ്പിച്ച മൈ ഡിയർ ഫ്രണ്ട് എന്ന സിനിമ പ്രമേയത്തിലെ വ്യത്യസ്തതയും അവതരണ മികവ് കൊണ്ടും വേറിട്ടുനിന്നു. 39 വയസ് മാത്രം പ്രായമുള്ള പിങ്ദാവോ ഴാംഗ് സംവിധാനം ചെയ്ത ചിത്രം വാർദ്ധക്യത്തിൽ നിന്ന് കുട്ടിക്കാലത്തേക്കുള്ള അതിമനോഹരമായ യാത്രയാണ്. മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളിൽ തുടങ്ങി ജലാശയങ്ങളും കീഴ്ക്കാംതൂക്കായ പാറകളും തഴുകിയിറങ്ങി ആ യാത്ര ക്ളൈമാക്‌സിലെത്തുമ്പോൾ സർറിയലിസത്തിന്റെ പുത്തൻ അവതരണരീതിയും പ്രേക്ഷകർക്ക് അനുഭവവേദ്യമാകും.

ഗ‍ർഭിണിയായ ജിംഗ് ജിംഗ് തന്റെ കാമുകൻ യാംഗ് യിമിംഗിനെ തേടി ചൈനയിലെ വിദൂരഗ്രാമത്തിലെത്തുന്നതോടെയാണ് സിനിമയുടെ തുടക്കം. പക്ഷേ, അവളെ വരവേൽക്കുന്നത് യിമിംഗിന്റെ മുത്തശ്ശനും മുത്തശ്ശിയുമാണ്. കാമുകനെ കണ്ടെത്താൻ ജിംഗ് നടത്തുന്ന അന്വേഷണം പിന്നീട് ചെന്നെത്തുന്നത് മുത്തച്ഛൻ ഷൂമുവിന്റെ ബാല്യകാല സുഹൃത്ത് ഷോങ്സെന്നിന്റെ 300 കിലോമീറ്റർ അപ്പുറത്തുള്ള മറ്റൊരു ഗ്രാമത്തിലാണ്. തന്റെ അന്ത്യം അടുത്തുവരികയാണെന്ന് മനസിലാക്കിയ ഷോങ്സെൻ,​ പിതാമഹന്മാർ അന്ത്യനിദ്ര കൊള്ളുന്ന അവിടെ തനിക്കും നിത്യനിദ്ര വേണമെന്ന് ആഗ്രഹിക്കുന്നു. അങ്ങനെ ജിംഗിന്റെ കാറിൽ മൂവരും നടത്തുന്ന യാത്രയാണ് സിനിമയുടെ കേന്ദ്രബിന്ദു.

യാഥാർത്ഥ്യത്തെയും മിത്തിനെയും കൂട്ടിക്കെട്ടിയുള്ള ഹിപ്നോട്ടിക്കൽ തരത്തിലുള്ള കഥാഖ്യാന രീതിയാണ് പിങ്ദാവോ തന്റെ ആദ്യചിത്രമായ മൈ ഡിയർ ഫ്രണ്ടിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതോടൊപ്പം ബോധധാരപ്രവാഹം (സംഭവങ്ങളെ വരുന്ന മുറയ്ക്ക് അവതരിപ്പിക്കുന്ന രീതി)​എന്ന രചനാസങ്കേതത്തെയും സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്. മാജിക്കൽ റിയലസിത്തിന്റെ സാദ്ധ്യതകൾ കൂടി ഉപയോഗപ്പെടുത്തുന്ന സിനിമ,​ അടുത്ത രംഗത്തിൽ എന്താണെന്ന് പ്രേക്ഷകരെ ഊഹിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ജീവിതകഥ പറഞ്ഞുതുടങ്ങുന്ന സിനിമ,​ ചൈനയിലെ ജീവിതരീതികളെയും വിവിധ സംസ്‌കാരങ്ങളെയും തലമുറ മാറ്റത്തേയും വരച്ചുകാട്ടുന്നു. സൈക്കിളിൽ സഞ്ചരിക്കുന്ന മുത്തശ്ശനിൽ നിന്ന് കാറിലേക്കുള്ള മാറ്റമടക്കം ഈതലമുറ മാറ്റത്തിന്റെ പ്രകടമായ ഉദാഹരണങ്ങൾ പലതുണ്ട് സിനിമയിൽ.