തിരുവനന്തപുരം: കൈതമുക്കിൽ കുട്ടികൾ മണ്ണുതിന്നെന്ന വിവാദത്തെതുടർന്ന് സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി എസ്.പി ദീപക് രാജിവച്ചു. സർക്കാരിന് നാണക്കേടുണ്ടാക്കി എന്ന ആരോപണത്തെതുടർന്ന് ദീപക്കിനോട് രാജിവയ്ക്കാൻ സി.പി.എം ആവശ്യപ്പെട്ടിരുന്നു.
ശിശുക്ഷേമ സമിതി പ്രസിഡന്റായ മുഖ്യമന്ത്രിക്ക് ദീപക് രാജിക്കത്ത് കൈമാറി. ശിശുക്ഷേമ സമിതി ഏറ്റെടുത്ത കുട്ടികൾ മണ്ണു തിന്നാണ് വിശപ്പടക്കിയിരുന്നതെന്ന ദീപക്കിന്റെ പ്രസ്താവന സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ദേശീയ അന്തർദേശീയ മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ആരോഗ്യരംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനത്തിന് അവമതിപ്പ് ഉണ്ടാക്കുന്നതാണ് ഈ പ്രസ്താവന എന്ന് വിലയിരുത്തിയ സി..പി..എം ജില്ലാ നേതൃത്വം ദീപക്കിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. വിഷയത്തിൽ തന്നെ ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ദീപക് പറയുന്നു. സംഭവം അറിഞ്ഞ് നേരിട്ട് എത്തി കാര്യങ്ങൾ ബോദ്ധ്യപ്പെടാൻ ശ്രമിക്കാതിരുന്നത് വീഴ്ചയാണെന്നും ദീപക് പറഞ്ഞു.