ചെന്നൈ: പൗരത്വ ഭേദഗതി ബില്ലിന് ആത്മാർത്ഥമായുള്ളതാണെങ്കിൽ, മതം നോക്കാതെ വിവേചനം നേരിടുന്ന എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തുമായിരുന്നെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമലഹാസൻ. ശ്രീലങ്കൻ തമിഴരെയും മുസ്ളിങ്ങളെയും ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും കമലഹാസൻ ചോദിച്ചു.
'വംശഹത്യയ്ക്ക് വിധേയരായ ശ്രീലങ്കൻ തമിഴരെയും കടുത്ത വിവേചനം നേരിടുന്ന മുസ്ളിങ്ങളെയും ബില്ലിൽ നിന്ന് ഒഴിവാക്കുന്നത് എന്തുകൊണ്ട്? ഇത് ശരിക്കും ആത്മാർത്ഥതയുള്ള ബില്ലായിരുന്നുവെങ്കിൽ, വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള അഭ്യാസമല്ലായിരുന്നുവെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഒറ്റപ്പെട്ടുപോയ ശ്രീലങ്കൻ തമിഴരെയും മുസ്ലിങ്ങളെയും ഇതിൽ ഉൾപ്പെടുത്താൻ തയ്യാറാകാത്തത്?'' കമൽ ചോദിച്ചു. 30 വർഷത്തിലധികമായി രാജ്യത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർത്ഥികൾക്ക് പൗരത്വം നൽകണമെന്ന് ശ്രീ ശ്രീ രവിശങ്കറും ഗാനരചയിതാവ് വൈരമുത്തുവും കഴിഞ്ഞദിവസം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.