റെബി പഴങ്കഥയാക്കിയത് ഷമീന ജബ്ബാറിന്റെ പതിമ്മൂന്ന് വർഷം പഴക്കമുള്ള റെക്കാഡ്
സൺഗ്രൂർ: അഭിനന്ദനങ്ങൾ റെബി, ഏഷ്യൻ ഗെയിസിലെയും ഒളിമ്പിക്സിലെയും മെഡലുകൾ ഓടി നേടാൻ നിനക്ക് കഴയട്ടെ, ഓട്ടം തുടർന്നു കൊണ്ടേയിരിക്കുക - തന്റെ റോൾ മോഡലായ പി.ടി ഉഷയുടെ ഈ വാക്കുകൾ തനിക്ക് മുന്നോട്ട് കുതിക്കാനുള്ള ഊർജ്ജമാണെന്ന് പറയുമ്പോൾ പെൺകുട്ടികളുടെ മൂവായിരം മീറ്ററിൽ റെക്കാഡ് തിളക്കത്തിൽ സ്വർണം നേടി താരമായ ഉത്തർ പ്രദേശുകാരി റെബി പാലിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് ഈറനണിഞ്ഞു.
മത്സര ശേഷം തന്റെ സുവർണ നേട്ടം അമ്മ ഊർമ്മിള ദേവിയോടാണ് റെബി ആദ്യം വിളിച്ചു പറഞ്ഞത്. പാടത്ത് പണിയെടുക്കുകയായിരുന്ന ആ അമ്മയ്ക്ക് അതിന്റെ ഗൗരവം മനസിലായില്ല. അതിന്റെ സങ്കടത്തിൽ നിൽക്കുമ്പോഴാണ് കേരളത്തിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകരെ കണ്ടത്. തന്റെ ആരാധനാപാത്രം പി.ടി ഉഷയെ അറിയുമോയെന്നായി ചോദ്യം. മാദ്ധ്യമ പ്രവർത്തകരിൽ ഒരാൾ ഉഷയെ വിളിച്ച് ഫോൺ റെബിക്ക് കൈമാറി. അമ്പരപ്പോടെ ഗ്രാമീണച്ചുവയുള്ള ഹിന്ദിയിൽ അവൾ തന്റെ പ്രിയ താരത്തോട് സംസാരിച്ചു. ഉഷയുടെ ഉപദേശം കേട്ടതോടെ റെബിയുടെ സങ്കടം സന്തോഷത്തിന് വഴിമാറി.
2006ൽ കേരളത്തിന്റെ ഷമീന ജബ്ബാർ സ്ഥാപിച്ച 9 മിനിട്ട് 55.62 സെക്കൻഡിന്റെ റെക്കാഡാണ് 9 മിനിട്ട് 46.54 സെക്കൻഡായി റെബി തിരുത്തിയെഴുതിയത്. ഉത്തർ പ്രദേശിലെ വാരണാസിയിലെ ചിതോനയെന്ന ഗ്രാമത്തിൽ നിന്നുള്ള റെബി ചന്ദോലിയിലെ കെ.എൻ ഇന്റർ കോളജിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ബനാറസ് ഹിന്ദു സർവകലാശാലയിലെ സായ് സെന്ററിൽ സഞ്ജീവ് കുമാറിന് കീഴിലാണ് പരിശീലനം നടത്തുന്നത്.
2015 മുതൽ മത്സര രംഗത്തുണ്ട്. ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ 3000 മീറ്ററിൽ സ്വർണം നേടിയ റെബി, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും സ്വർണക്കുതിപ്പ് നടത്തി.
സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് കായിക താരങ്ങൾക്ക് വലിയ പ്രോത്സാഹനമൊന്നും കിട്ടുന്നില്ലെന്ന് ഉത്തർ പ്രദേശ് ടീം അധികൃതർ തന്നെ പറയുന്നു. റെബിക്ക് 1000 രൂപ കിട്ടിയാൽ ഭാഗ്യമെന്ന് ഒരു ഒഫീഷ്യൽ പറഞ്ഞു. അതേസമയം നാട്ടുകാർ വലിയ പിന്തുണയാണ് റെബിക്ക് നൽകുന്നത്. ജനുവരിയിൽ നടന്ന മലേഷ്യൻ ഓപ്പൺ ഗ്രാൻപ്രീ അത്‌ലറ്റിക്സിൽ 1500 മീറ്ററിൽ വെള്ളി നേടി നാട്ടിലെത്തിയ ഈ പതിനെട്ട്കാരിക്ക് പ്രദേശവാസികൾ വലിയ സ്വീകരണമാണ് ഒരുക്കിയത്. പിതാവ് മഹേന്ദ്ര പാലിന്റെ മരണത്തിന് ശേഷം ട്രക്ക് ഡ്രൈവറായ സഹോദരനാണ് റെബിയുടെ കാര്യങ്ങൾ നോക്കുന്നത്.