snake-
കിണറ്റിൽ നിന്ന് ഷഗിൽ പാമ്പിനെ കയറ്റുന്നു

തൃശൂർ: 'ഇതൊക്കെ എന്ത്! ഇതിലും വലുതിനെ പിടിച്ചുവിട്ടവനാണീ ശ്രീക്കുട്ടൻ...! കിണറ്റിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടുന്ന സാഹസിക വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുമ്പോൾ

പട്ടിക്കാട് ഫോറസ്റ്റ് റേഞ്ചിലെ വൈൽഡ് ലൈഫ് റസ്ക്യൂ വാച്ചർ ഷഗിലിന് (ശ്രീക്കുട്ടൻ) എല്ലാം നിസ്സാരം.

ഒന്നരവർഷത്തിനിടെ ആറ് രാജവെമ്പാലയെയും പെരുമ്പാമ്പുകളെയും അഞ്ഞൂറോളം വിഷപ്പാമ്പുകളെയും പന്നികളെയും മാനുകളെയും കുറുക്കനെയുമെല്ലാം പിടികൂടിയിട്ടുണ്ട് ഈ 29 കാരൻ. വെറുതെ പറയുന്നതല്ല,​ എല്ലാറ്റിനും നംവകുപ്പിന്റെ കൈവശം കണക്കുണ്ട്.

വൈറലായ ആ പാമ്പുപിടിത്തം ഇങ്ങനെ:

ഡിസംബർ 9, വൈകിട്ട് 3.30

കൈപ്പറമ്പ് ഗുലാബി നഗറിലെ ഒഴിഞ്ഞ വളപ്പിലെ കിണറ്റിൽ ഒരു കൂറ്റൻ പാമ്പ്. കാഴ്ചക്കാരായി എത്തിയ നാട്ടുകാർ പരിസരവാസിയായ ശ്രീക്കുട്ടനെ വിളിച്ചു, വിളി കേട്ടയുടൻ ശ്രീക്കുട്ടൻ ഹാജർ. വടവും കുരുക്കും റെഡി. കുരുക്കു വീണപ്പോൾ പെരുമ്പാമ്പ് ആഴത്തിലേക്കു മറഞ്ഞു.

ഒരാളെക്കാൾ താഴ്ചയിൽ വെള്ളമുണ്ട്. വടംകെട്ടി ശ്രീക്കുട്ടൻ കിണറ്റിലിറങ്ങി കുരുക്കിട്ടു. പാമ്പ് ഒഴിഞ്ഞു മാറിയപ്പോൾ തലയിൽ കയറിപ്പിടിച്ചു. അതോടെ പാമ്പ് വരുതിയിൽ. തലയിൽ മുറുകെപ്പിടിച്ചാൽ വരിഞ്ഞുമുറുക്കി അപായപ്പെടുത്താനാകില്ലെന്ന് ശ്രീക്കുട്ടന് അറിയാം.

കാലിലും ദേഹത്തും പാമ്പ് ചുറ്റിയെങ്കിലും വരിഞ്ഞുമുറുക്കിയില്ല. വടംപിടിച്ച് മുകളിൽ എത്തുമ്പോഴേയ്ക്കും ശ്രീക്കുട്ടനെ താങ്ങിയ നാട്ടുകാരന് പിടിത്തം കിട്ടിയില്ല. പാമ്പ് സഹിതം ശ്രീക്കുട്ടൻ കിണറ്റിലേക്ക്.

വീണ്ടും വടമിട്ടു. കിണറ്റിൽ നിൽക്കാൻ പറ്റുന്ന സ്ഥലത്തുവച്ചു തന്നെ പാമ്പിനെ പിടികൂടി,​ ചാക്കിലാക്കി വടം വഴി മുകളിലേക്കു കയറ്റി. എട്ടടി നീളം. ഭാരം: പത്തു കിലോയോളം. മദ്ധ്യപ്രായത്തിലുള്ള പെൺപാമ്പ് വനം വകുപ്പിന്റെ 'പ്രോഡക്ട്' ആയതുകൊണ്ട് പിന്നീട് പൊങ്ങണംകാട് കാട്ടിൽ വിട്ടു. പെരുമ്പാമ്പ് വീഡിയോ വൈറൽ ആകുമ്പോഴും കൈതപ്പറമ്പകാർക്ക് പിടികിട്ടാത്ത രഹസ്യം ഇവൻ എവിടെനിന്ന് എത്തിയെന്നാണ്. അടുത്തെങ്ങും കാടില്ല,​ പുഴയില്ല,​ തണ്ണീർത്തടമില്ല. .

കേച്ചേരി പെരുമണ്ണിൽ വിഷചികിത്സയ്ക്ക് പേരുകേട്ട എടയ്ക്കാടത്ത് കുടുംബത്തിലെ പുത്തൻ തലമുറക്കാരനാണ് പേരാമംഗലം തടത്തിൽ വീട്ടിൽ ശ്രീക്കുട്ടൻ. അച്ഛന്റെ അമ്മ മാധവി വിഷചികിത്സാ വിദഗ്ദ്ധയായിരുന്നു. അച്ഛൻ വിജയനും പാമ്പുകളെ പിടികൂടിയിട്ടുണ്ട്. രമ്യയാണ് ശ്രീക്കുട്ടന്റെ ഭാര്യ. മകൻ എട്ടുവയസുകാരൻ രേവന്ത്.