venkitta

ലണ്ടൻ : പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യ തെറ്റായ വഴി തിരഞ്ഞെടുക്കുകയാണെന്ന് വിഖ്യാത ശാസ്ത്രജ്ഞനും നൊബൽ സമ്മാനജേതാവുമായ വെങ്കട്ടരാമൻ രാമകൃഷ്ണൻ. രാജ്യ നിർമ്മാണത്തിൽ നിന്ന് വ്യതിചലിച്ച് രാജ്യത്തിനുള്ളിൽ തന്നെ വിഭജനം തീർക്കാൻ പാടില്ല. നിങ്ങളുടെ മതത്തിന് മറ്റുള്ളവരുടെ മതത്തിന്റെ അതേ പദവിയല്ല എന്ന് 20 കോടി ജനങ്ങളോട് പറയുന്നതിലൂടെ ഭിന്നിപ്പിന്റെ സന്ദേശമാണ് രാജ്യത്തിന് നൽകുന്നതെന്ന് ‌ദ ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

'സഹിഷ്ണുതയിൽ ഊന്നിയുള്ള ആദർശമാണ് ഇന്ത്യയ്ക്കുള്ളത്. അത് തുടരണമെന്നാണ് ആഗ്രഹം.

യോജിപ്പുള്ള സമൂഹത്തെ നിർമ്മിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. വ്യത്യസ്ത സംസ്‌കാരങ്ങളെ ഉൾക്കൊള്ളുകയാണ് ദീർഘകാലത്തേക്ക് ഇന്ത്യയ്ക്ക് ഉചിതം. പൗരത്വ ബിൽ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യൻ ശാസ്ത്രജ്ഞരും പണ്ഡിതരും നൽകിയ നിവേദനത്തിൽ ഒപ്പിടാതിരിക്കാനുള്ള കാരണം ഇന്ത്യൻ പൗരന്മാർ മാത്രമാകണം ഈ നിവേദനം നൽകേണ്ടത് എന്നതിനാലാണ്. ഇതൊക്കെയാണെങ്കിലും ഈ വിഷയത്തിൽ പ്രതികരിക്കേണ്ടതുണ്ടെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ, യു.കെ ഇരട്ട പൗരത്വമുള്ള വ്യക്തിയാണ് വെങ്കട്ടരാമൻ രാമകൃഷ്ണൻ. ലണ്ടനിലെ പ്രശസ്തമായ റോയൽ സൊസൈറ്റി പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.