ന്യൂയോർക്ക്: സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിനെ 2019 ലെ ടൈം മാഗസിൻ പേഴ്സൺ ഒഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 16കാരിയായ ഗ്രേറ്റ.
ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിനു നേരെ ഉയരുന്ന ഏറ്റവും വലിയ ശബ്ദമാണ് ഗ്രേറ്റ തുൻബർഗിന്റേതെന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് ടൈം മാഗസിൻ എഡിറ്റർ എഡ്വാഡ് ഫെൽസൻതാൾ ഇന്നലെ പറഞ്ഞു. യുവശക്തി – പവർ ഓഫ് ദ് യൂത്ത് – എന്ന വാചകത്തോടെ ഗ്രേറ്റയുടെ ചിത്രവുമായി ടൈംസ് മാഗസിന്റെ പുതിയ ലക്കത്തിന്റെ കവർചിത്രവും പുറത്തുവന്നു. ആഗോളതാപനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളിൽ ലോക നേതാക്കൾ നടപടി സ്വീകരിക്കാൻ മടിക്കുന്നതിനെതിരെ യു.എൻ കാലാവസ്ഥാ ഉച്ചകോടിയിൽ ഗ്രേറ്റ തുൻബർഗ് നടത്തിയ പ്രസംഗം ലോകശ്രദ്ധ നേടിയിരുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തടയാനായി രാജ്യാന്തരതലത്തിൽ അവബോധത്തിനായി ഊന്നൽ നൽകി പ്രവർത്തിക്കുന്നയാളാണ് ഗ്രേറ്റ.