ന്യൂഡൽഹി : ദേശീയ പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. നേരത്തെ ലോക്സഭയും ബിൽ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലിൽ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബിൽ നിയമമായി മാറും. 105നെതിരെ 125 വോട്ടുകൾക്കാണ് ബിൽ രാജ്യസഭ പാസാക്കിയത്. ഇന്ത്യയുടെ ചിത്രത്തിലെ കറുത്ത ദിനമെന്ന് കോൺഗ്രസ് പ്രതികരിച്ചു
പുതിയ നിയമപ്രകാരം പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31 വരെ ഇന്ത്യയിൽഅഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യൻ, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളിൽപ്പെട്ട അഭയാർത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.
നേരത്തെ ശിവസേന വോട്ടെടുപ്പ് ബഹിഷ്കരിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
അതേസമയം നരേന്ദ്രമോദി അധികാരത്തിലെത്തിയത് രാജ്യത്ത് പല തിരുത്തലുകളും നടത്താൻ കൂടിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ചയ്ക്ക് മറുപടി പറഞ്ഞു. വിവാദങ്ങളെ പേടിച്ച് ശക്തമായ നടപടികളിൽ നിന്ന് സർക്കാർ പിൻമാറില്ല. പൗരത്വ ഭേദഗതി ബിൽ പാസായ ശേഷം അഭയാർത്ഥികളുടെ യഥാർത്ഥ എണ്ണം വ്യക്തമാകുമെന്നും അപ്പോൾ ലക്ഷക്കണക്കിനാളുകൾ പൗരത്വത്തിന് അപേക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്ത് വിഭജനം നടന്നത് കൊണ്ടാണ് ഈ ബില്ല് കൊണ്ടു വരേണ്ടി വന്നത്. അൻപത് വർഷം മുൻപേ ഈ ബിൽ നടപ്പാക്കിയിരുന്നുവെങ്കിൽ പ്രശ്നങ്ങൾ ഇത്രയ്ക്ക് വളാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിൽ പാർലമെന്റിൽ ചർച്ച തുടരുമ്പോൾതന്നെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം കൂടുതൽശക്തിപ്പെടുകയാണ്. പ്രതിഷേധത്തെതുടർന്ന് അസമിലും ത്രിപുരയിലും കരസേന രംഗത്തിറങ്ങി. അസമിൽ ഉൾഫ നാളെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അസം തലസ്ഥാനമായ ഗുവാഹത്തിയിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ത്രിപുരയിലും അസമിലും ഇന്റർനെറ്റ് സേവനം റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.