മുംബയ് : കാര്യവട്ടത്തെ തോൽവിയിൽ നിന്ന് ഉയിർത്തെണീറ്റ ബാറ്റിംഗ് നിര വാങ്കഡെ സ്റ്റേഡിയത്തിലെ മൂന്നാം ട്വന്റി 20 യിൽ തകർത്താടിയപ്പോൾ വിജയവും പരമ്പരയും ഇന്ത്യയ്ക്ക്. ഇന്നലെ 241 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിനെ ൽ ഒതുക്കിയ ഇന്ത്യ റൺസിനാണ് വിജയിച്ചത്. മൂന്ന് മത്സര പരമ്പര നേടിയത് 2-1നും.
ഇന്നലെയും ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങേണ്ടിവന്ന ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത് ഒാപ്പണർമാരായ രോഹിത് ശർമ്മ (71), ലോകേഷ് രാഹുൽ (91), നായകൻ വിരാട് കൊഹ്ലി (70 നോട്ടൗട്ട്) എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ്. മറുപടിക്കിറങ്ങിയ വിൻഡീസ് നിരയിൽ ഹെട്മേയർ(41) ക്യാപ്ടൻ പൊള്ളാഡ് (68) എന്നിവർക്ക് മാത്രമാണ് പൊരുതിനോക്കാനായത്.
രോഹിത് 34 പന്തുകളിൽ ആറ് ഫോറും അഞ്ച് സിക്സുമടക്കം 71 റൺസടിക്കുകയും രാഹുലിനൊപ്പം 135 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു. രാഹുൽ 56 പന്തുകളിൽ ഒൻപത് ഫോറുകളും നാല് സിക്സും പായിക്കുകയും കൊഹ്ലിക്കൊപ്പം 95 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു. ആദ്യമത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയിരുന്ന കൊഹ്ലി 29 പന്തുകളിൽ നാല് ഫോറും ഏഴ് സിക്സുകളുമാണ് പായിച്ചത്. ഋഷഭ് പന്ത് (0), മാത്രമാണ് ഇന്ത്യൻ നിരയിൽ നിരാശപ്പെടുത്തിയത്.
മറുപടിക്കിറങ്ങിയ വിൻഡീസ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 14 ഒാവറിൽ 124/5 എന്ന നിലയിലാണ്.
രോഹിതും രാഹുലും ചേർന്ന് ആദ്യ ഒാവർ മുതൽ അടിച്ചുതകർത്തു. 11.4 ഒാവറിൽ 135 റൺസ് കൂട്ടിച്ചേർത്താണ് സഖ്യം പിരിഞ്ഞത്. മൂന്നാം ഒാവറിലെ ആദ്യപന്തിൽ കോട്ടെറെലിനെ സിക്സിന് പറത്തിയ രോഹിത് ഇതേ ഒാവറിൽ രണ്ട് ബൗണ്ടറികൾ കൂടി നേടി. നാലാം ഒാവറിൽ രാഹുൽ ഹോൾഡറിനെ തുടർച്ചയായി ഫോറും സിക്സും പറത്തി. ആദ്യ അഞ്ചോവറിൽ ഇന്ത്യ 58 റൺസാണ് അടിച്ചുകൂട്ടിയത്. ആറാം ഒാവറിൽ വില്യംസിനെതിരെ രാഹുൽ ഒന്നാം പന്തിലും മൂന്നാം പന്തിലും ബൗണ്ടറിയും രണ്ടാംപന്തിൽ സിക്സും നേടി. എട്ടാം ഒാവറിൽ പിയറിയെ തുടർച്ചയായി രണ്ട് സിക്സുകൾക്കും ഒരു ഫോറിനും പറത്തി രോഹിത് അർദ്ധ സെഞ്ച്വറി കടന്നു. അടുത്ത ഒാവറിൽ രാഹുലും അർദ്ധ സെഞ്ച്വറിയിലെത്തി. 10 ഒാവർ പൂർത്തിയാകുമ്പോൾ ഇന്ത്യ 116 റൺസ് നേടിയിരുന്നു.
12-ാം ഒാവറിലാണ് ഇന്ത്യയ്ക്കു ആദ്യ വിക്കറ്റ് നഷ്ടമായത്. വില്യംസിനെ ഉയർത്തിപ്പിടിച്ച രോഹിതിനെ വാൽഷാണ് പിടികൂടിയത്. മൂന്നാമതായി സ്ഥാനക്കറ്റം കിട്ടിയ ഋഷഭ് പന്ത് പക്ഷേ വന്നപോലെ മടങ്ങി. 13-ാം ഒാവറിൽ പൊള്ളാഡിന്റെ പന്തിൽ ഹോൾഡർക്ക് ക്യാച്ച് നൽകിയാണ് ഋഷഭ് ഡക്കായി മടങ്ങിയത്. തുടർന്നിറങ്ങിയ വിരാടും രാഹുലും ചേർന്ന് തകർത്തടിച്ച് 15 ഒാവറിൽ 173/2 എന്ന നിലയിലെത്തിച്ചു. 18-ാം ഒാവറിൽ ഇന്ത്യ 200 കടന്നു.
മറുപടിക്കിറങ്ങിയ വിൻഡീസിന് രണ്ടാം ഒാവറിൽത്തന്നെ ഇന്ത്യ തിരിച്ചടി നൽകി. ഭുവനേശ്വർ കുമാർ ബ്രൻഡൺ കിംഗിനെ (5) രാഹുലിന്റെ കയ്യിലെത്തിക്കുകയായിരുന്നു.ട്വന്റി -20 ടീമിലേക്ക് തിരിച്ചുവന്ന ഷമി അടുത്ത ഒാവറിൽ കാര്യവട്ടത്തെ ഹീറോ ലെൻഡൽ സിമ്മൺസിനെ (7)യും മടക്കി അയച്ചു. ശ്രേയസ് അയ്യർക്കായിരുന്നു ക്യാച്ച്.പകരമിറങ്ങിയ നിക്കോളാസ് പുരാനെ അടുത്ത ഒാവറിലെ ആദ്യ പന്തിൽ ദീപക് ചഹർ ഡക്കാക്കി മടക്കിയതോടെ വിൻഡീസ് 17/3 എന്ന നിലയിലായി.
പിന്നീട് ക്രീസിലൊരുമിച്ച നായകൻ കെയ്റോൺ പൊള്ളാഡും ഹെട്മേയറും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി.ഇതോടെ സിക്സുകൾ പറക്കാൻ തുടങ്ങി .എന്നാൽ 9.3-ാം ഒാവറിൽ ടീം സ്കോർ 91-ൽ നിൽക്കവേ ഹെട്മേയറെ (41)പുറത്താക്കി കുൽദീപ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.12-ാം ഒാവറിൽ ഹോൾഡറും (8) പുറത്തായതോടെ വിൻഡീസ് 103/5 എന്ന നിലയിലായി.