തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ഏഴുപേർ നിശ്ചിത ഇടവേളകളിൽ മരിച്ചതു സംബന്ധിച്ച കേസിലെ അന്വേഷണം ഇഴയുന്നു. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈബ്രാഞ്ച് എ.സി.പിക്ക് മറ്റു കേസുകളുടെ ചുമതലയുള്ളതിനാൽ അന്വേഷണത്തിൽ പുരോഗതിയില്ലെന്നു പരാതിക്കാർ ആരോപിക്കുന്നു. കൂടത്തിൽ കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരുടെ ബന്ധുവായ പ്രസന്നകുമാരിയും നാട്ടുകാരനായ അനിൽകുമാറുമാണു പരാതിക്കാർ.
അന്വേഷണം തൃപ്തികരമല്ലെന്നുകാട്ടി അനിൽകുമാർ മുഖ്യമന്ത്റിക്കു പരാതി നൽകിയിരുന്നു. ജില്ലാ ജില്ലാ ക്രൈബ്രാഞ്ച് എ.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ മാറ്റണമെന്ന പരാതി എ.സി.പിക്കുതന്നെയാണ് സിറ്റി പൊലീസ് കമ്മിഷണർ കൈമാറിയിരിക്കുന്നത്. ഇതു അസാധാരണമായ നടപടിയാണെന്നു പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. ഒരു ഉദ്യോഗസ്ഥനെതിരെയുള്ള പരാതി മേലുദ്യോഗസ്ഥനാണു കൈമാറേണ്ടത്.
തെളിവുകളും മൊഴികളിലെ വൈരുദ്ധ്യവും വേണ്ട രീതിയിൽ പരിശോധിക്കാൻ അന്വേഷണ സംഘത്തിനു കഴിയുന്നില്ലെന്ന് അനിൽകുമാർ മുഖ്യമന്ത്റിക്കു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്ത കൂടത്തിൽ കുടുംബത്തിലെ സ്വത്തുക്കളിൽ ചിലത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലായതിനാൽ അന്വേഷണത്തെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നതായും പരാതിയിൽ ആരോപിച്ചിരുന്നു.
അവസാനം മരിച്ച ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. തലയിലെ മുറിവാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജയമാധവൻ നായരുടെ മരണകാരണമായ തലയിലെ പരിക്കുസ്വാഭാവികമായ വീഴ്ചയിൽ ഉണ്ടായതാണോ അല്ലയോ എന്നു പരിശോധിക്കുന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. റവന്യൂ രേഖകൾ ശേഖരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അന്വേഷണസംഘം പറയുന്നു.
'കൂടത്തിൽ' തറവാട്ടിലെ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജേഷ്ഠൻമാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടേയും മക്കളായ ജയമാധവൻ, ഉണ്ണികൃഷ്ണൻ നായർ എന്നിവരാണ് നിശ്ചിത ഇടവേളകളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. നഗരത്തിൽ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണു കുടുംബത്തിനുള്ളത്.