ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും മികച്ച ആയുധങ്ങൾ ഇന്ത്യൻ സൈന്യത്തിനും സ്വന്തമാകുന്നു. അമേരിക്ക, റഷ്യ, ഇസ്രയേൽ നിർമ്മിത ഹൈടെക് ആയുധങ്ങളാണ് ഇന്ത്യൻ സൈന്യത്തിന് ലഭ്യമാക്കുന്നത്. ഇതിൽ അമേരിക്കയിൽ നിന്നുള്ള സ്നിപ്പർ റൈഫിളുകളും വെടിക്കോപ്പുകളും ഇതിനകം എത്തിയിട്ടുണ്ട്.
72,400 അത്യാധുനിക റൈഫിളുകൾ ഉൾപ്പെടെ 700 കോടിയുടെ കരാറാണ് ആദ്യഘട്ടത്തിൽ അമേരിക്കയുമായി ഒപ്പുവച്ചിരിക്കുന്നത്. ഇതിൽ 60,000 റൈഫിളുകളും കരസേനയ്ക്കു വേണ്ടിയുള്ളതാണ്. നാവിക സേനയ്ക്ക് 2000വും വ്യോമ സേനയ്ക്ക് 4000 റൈഫിളുകളുമാണ് നൽകുന്നത്.
കാശ്മീരിലെ ഉത്തര കമാൻഡിനായി 10,000 സിഗ് 716 റൈഫിളുകൾ എത്തിയതായി സൈനിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ റഷ്യയിൽ നിന്നുള്ള എ.കെ 203 റൈഫിളുകളും ഉടൻ സൈന്യത്തിന്റെ ഭാഗമാകും. റഷ്യയിൽ നിന്ന് ഏഴ് ലക്ഷം എ.കെ 203 റൈഫിളുകളാണ് ഇന്ത്യ വാങ്ങുന്നത്. തദ്ദേശീയമായി നിർമ്മിക്കുന്ന ആയുധങ്ങൾക്ക് പുറമെയാണിത്. സൈനികർക്ക് ആധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നൽകുന്നതിനുള്ള നടപടിയും പ്രതിരോധ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
സൈനികരുടെ എണ്ണത്തിൽ ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
യു.പി.എ സർക്കാരിന്റെ കാലത്ത് നിലച്ച ആയുധ വിപണിക്കാണ് എൻ.ഡി.എ ഭരണത്തിലിപ്പോൾ ചൂട് പിടിച്ചിരിക്കുന്നത്.
ലോകത്തിലെ നമ്പർ വൺ യുദ്ധവിമാനമായ റാഫേലും അറ്റാക്ക് ഹെലികോപ്റ്ററായ അപ്പാച്ചെയും ഇതിനകം ഇന്ത്യയിലെത്തി കഴിഞ്ഞിട്ടുണ്ട്. ഏത് പുതുതലമുറ യുദ്ധ വിമാനത്തെയും മിസൈലിനെയും തകർക്കാൻ കഴിയുന്ന എസ് 400 ട്രയംഫും ഇപ്പോൾ റഷ്യ ഇന്ത്യക്ക് കൈമാറാൻ പോകുകയാണ്. 42,000 കോടിയുടെ ഈ ഇടപാട് അമേരിക്കയുടെ എതിർപ്പ് മറികടന്നാണ് ഇന്ത്യ നടത്തിയിരിക്കുന്നത്.