തിരുവനന്തപുരം: കൊറിയൻ ചിത്രം പാരസൈറ്റ് ആകെ സംഘർഷഭരിതമാണ്. എന്നാൽ അതിനെക്കാൾ വലിയ സംഘർഷമാണ് ഇന്നലെ ചിത്രത്തിന്റെ സ്ക്രീനിംഗ് നടന്ന ടാഗോർ തിയേറ്ററിന് മുന്നിൽ അരങ്ങേറിയത്.
കാനിൽ പാം ഡി ഓർ നേടിയ 'പാരസൈറ്റി'ന്റെ അവസാന പ്രദർശനം ടാഗോറിൽ രണ്ടേകാലിനായിരുന്നു. എന്നാൽ പന്ത്രണ്ടരയോടെ തന്നെ ക്യൂ തുടങ്ങി. ഒന്നേ മുക്കാലിന് പ്രവേശനം അനുവദിച്ചപ്പോൾ തന്നെ ഉന്തും തള്ളും തുടങ്ങി. ഒടുവിൽ ബഹളമായി. അനധികൃതമായി പലരേയും കടത്തിവിട്ടെന്ന് ആരോപിച്ചാണ് ഡെലിഗേറ്റുകൾ ബഹളം വച്ചത്. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ നേരിട്ടെത്തി സംസാരിച്ചിട്ടുപോലും കലി അടങ്ങിയില്ല. അവസാനം ലാത്തിയുമായി പൊലീസെത്തി ചിലരെയൊക്കെ വിരട്ടിയോടിച്ചു.
ഇതിനിടയിൽ പുറത്തായിപ്പോയ ഒരു വിഭാഗത്തെ സ്കാനിംഗ് ഇല്ലാതെ കടത്തിവിട്ട് ഒരു വിധമാണ് പ്രശ്നം പരിഹരിച്ചത്.
ചൊവ്വാഴ്ച റിസർവേഷൻ ഓപ്പൺ ആയി മിനിറ്റുകൾക്കകം ഈ ചിത്രം ഹൗസ് ഫുൾ ആയിരുന്നു. 60 ശതമാനം സീറ്റുകൾക്കാണ് റിസർവേഷനുള്ളത്. ബാക്കി 40% സീറ്റുകളിൽ ക്യൂ നിന്ന് കയറണമെന്നാണ് വ്യവസ്ഥ.
എന്നാൽ ടാഗോറിലെ 872 സീറ്റുകളിൽ ഭൂരിഭാഗവും നിറഞ്ഞിട്ടും അൺറിസർവ്ഡ് ക്യൂവിൽ നിന്നും വളരെ കുറച്ച് പേർക്കേ പ്രവേശനം ലഭിച്ചുള്ളൂവെന്ന് ആരോപിച്ചാണ് ഡെലിഗേറ്റുകൾ ബഹളമുണ്ടാക്കിയത്.
വോളന്റിയർമാർ നിരവധി പേരെ അനധികൃതമായി കടത്തിവിട്ടതാണ് പ്രശ്നത്തിന് കാരണമെന്ന് ഡെലിഗേറ്റുകൾ ആരോപിച്ചു.
64 സീറ്റുകൾ ബാക്കിനിൽക്കെയാണ് ഡെലിഗേറ്റുകളും വോളന്റിയർമാരും തമ്മിൽ വാക്കേറ്റമുണ്ടായത്. സീറ്റുകൾ നിറഞ്ഞപ്പോൾ തന്നെ തിയേറ്ററിലേക്കുള്ള വാതിലുകൾ അടഞ്ഞു. ഡെലിഗേറ്റുകൾ തള്ളിത്തുറക്കാനായി ശ്രമം. ചിലരൊക്കെ വാതിലിൽ ശക്തിയായിഇടിച്ചു. ഉച്ചത്തിൽ ബഹളം വയ്ക്കുകയും ചെയ്തു. അപ്പോഴാണ് പൊലീസ് എത്തിയത്.
എന്നിട്ടും സ്ഥിതിഗതികൾ നിയന്ത്രിക്കാനാകാതെ വന്നപ്പോൾ രണ്ടരയോടെ ബാരിക്കേഡുകൾ നീക്കി ബാക്കിയുള്ളവരെ കയറാൻ അനുവദിക്കുകയായിരുന്നു.ആയിരത്തിലേറെ പേരാണ് ഇരുന്നും നിന്നുമായി ടാഗോറിൽ ചിത്രം കണ്ടത്. മേള നാളെ സമാപിക്കും.
പാരസൈറ്റ് ഇന്ന് പ്രത്യേക ഷോ
പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് പാരസൈറ്റ് ഇന്ന് ഒരു പ്രദർശനം കൂടി നടത്തുമെന്ന് അക്കാഡമി ചെയർമാൻ കമൽ അറിയിച്ചു. ഇതുസംബന്ധിച്ച് വിതരണക്കാരുമായി ചർച്ച നടത്തി. പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് മുമ്പും ഇത്തരത്തിൽ അധിക പ്രദർശനങ്ങൾ നടത്തിയിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.