കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ നേടുന്ന ആദ്യ കൊറിയൻ സിനിമയാണ് ബോങ് ജൂൺഹോ സംവിധാനം ചെയ്ത പാരസൈറ്റ്. ഒരു പടിക്കെട്ടു പോലെ നിലകൊള്ളുന്ന ദക്ഷിണ കൊറിയൻ നഗരങ്ങളിലെ അധികാരവർഗ വ്യവസ്ഥിതിയുടെ പല തട്ടിലുള്ള മനുഷ്യരുടെ ജീവിതം ലളിതമായി മനസിലാക്കി തരുന്ന ചിത്രം.
താഴ്ന്ന പ്രദേശത്തെ ചേരിയിൽ കഴിയുന്ന കിമ്മിന്റെ കുടുംബം, വ്യാജപേരിൽ കിമ്മിന്റെ മകൻ കെവിൻ ട്യൂഷൻ മാസ്റ്ററായി എത്തുന്ന ധനിക വ്യവസായിയായ ഡോങ് ഈകിന്റെ കുടുംബം, ഈക്കിന്റെ വീട്ടുജോലിക്കാരിയായ മ്യൂൺഗ്വാങിന്റെ കുടുംബം. ഇൗ മൂന്ന് കുടുംബങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
മകനിലൂടെ ഡോങ്ഈകിന്റെ വീട്ടിൽ പല രീതിയിൽ കയറിപ്പറ്റുന്ന കിമ്മും കുടുംബവും അവർക്കു മുന്നിൽ അപ്രതീക്ഷിതമായി എത്തുന്ന മൂൺഗ്വാങ്ങും രഹസ്യ സെല്ലാറിൽ കഴിയുന്ന അവരുടെ ഭർത്താവും സിനിമയുടെ ഗതിയെ മാറ്റുന്നു.
വർഗവിവേചനത്തിന്റെ ബിംബങ്ങൾ ചിത്രത്തിൽ ധാരാളമുണ്ട്. അതിലൊന്നാണ് കിമ്മിന്റെ കുപ്പായത്തിലെ ദുർഗന്ധം. സദാസമയവും ഡ്രൈവറായ കിമ്മിന്റെ ദുർഗന്ധത്തെപ്പറ്റി ഡോങ് നടത്തുന്ന പരാമർശങ്ങളാണ് പ്രേക്ഷകരെ പോലും ഞെട്ടിക്കുന്ന കൊലപാതകത്തിൽ കലാശിക്കുന്നത്. മിക്കപ്പോഴും കെട്ടുകഥകളെക്കാൾ അവിശ്വസനീയമാണ് ജീവിത യാഥാർത്ഥ്യങ്ങളെന്ന് ചിത്രം വ്യക്തമാക്കുന്നു.