ഭക്ഷണത്തിനോട് പല തരം ഭ്രഷ്ടുകളുള്ള നാടാണ് ഇന്ത്യ. അത് മാത്രമല്ല വർഗീയതയുടെയും, വേർത്തിരിവിന്റെയും സംഭവങ്ങൾക്ക് ഇന്ത്യയിൽ സ്ഥിരം വാർത്തയാണ്. ഇതെല്ലാം ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ പറഞ്ഞു പോകുകയാണ് 'അക്സോൺ' എന്ന ചിത്രത്തിൽ. വടക്കു കിഴക്കേ ഇന്ത്യയിൽ നിന്ന് ദില്ലിയിൽ വന്ന് താമസിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ സംഭവബഹുലമായ ഒരു ദിനത്തിന്റെ കഥയാണിത്.
കൂട്ടുകാരിയും റുംമേറ്റുമായ മിനാമിന്റെ വിവാഹത്തിന് തങ്ങളുടേതായ ചില പരിപാടികൾ പദ്ധതികൾ തയ്യാറാക്കുന്ന ചൻബിയെയും ഉപാസനയും കാണിച്ചാണ് ചിത്രം തുടങ്ങുന്നത്. മിനാമിന് ഏറ്റവും ഇഷ്ടമുള്ള ആകുനി എന്ന വിഭവം ഒരുക്കി ഒരു സർപ്രൈസ് പാർട്ടി കൊടുക്കണമെന്നാണ് സുഹൃത്തുക്കൾ തീരുമാനിച്ചിരിക്കുന്നത്. കേട്ടാൽ എളുപ്പമെന്ന് തോന്നുന്ന കാര്യം പക്ഷെ ഏറെ കഷ്ടതകൾ നിറഞ്ഞതാണ്. അതിൽ ആദ്യത്തേത് ആകുനി അഥവാ അക്സോൺ തയ്യാറാക്കുമ്പോൾ ഉണ്ടാകുന്ന ഗന്ധമാണ്. പന്നിയിറച്ചി കൊണ്ടുണ്ടാക്കുന്ന ആക്കുനി അയൽപക്കത്തുള്ളവർക്ക് ബുദ്ധിമുട്ടാകും. കെട്ടിട ഉടമസ്ഥയായ സ്ത്രീയും ഇതിനോട് ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുമെന്നത് ഉറപ്പാണ്. പെട്ടെന്ന് തീരുമാനിച്ച വിവാഹം ആയതിനാൽ ഏതാനും മണിക്കൂറുകൾ കൊണ്ട് വേണം ഇതെല്ലാം തയ്യാറാക്കാൻ. മിനാമിന്റെ ഐ.എ.എസ് ഇന്റർവ്യൂവിന്റെ അന്ന് തന്നെ വിവാഹവും വന്നു എന്നതാണ് മറ്റൊരു കാര്യം. ഇതൊക്കെ മറികടന്നു വേണം പ്രീയ സുഹൃത്തിന്റെ വിവാഹം കൂട്ടുകാർക്ക് അവിസ്മരണീയമാക്കാൻ. ഇവരുടെ ഈ ഒരു ദിനത്തിലെ നെട്ടോട്ടം ചിരിയുണർത്തുന്നതും ചിന്തിക്കുന്നതുമായ പല സംഭവങ്ങളിലേക്കും നയിക്കും.
വെറുമൊരു വിവാഹദിന പാർട്ടി മാത്രമല്ല ചിത്രത്തിന്റെ പ്രമേയമാകുന്നത്. കഥാപാത്രങ്ങൾ എത്തിപ്പെടുന്ന പല സാഹചര്യങ്ങളും നമ്മുടെ സമൂഹത്തിലെ ഒരോ യാഥാർത്ഥ്യങ്ങളാകുന്നു. രൂപഘടന കൊണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നേരിടേണ്ടുന്ന പ്രശ്നങ്ങളും ചിത്രത്തിൽ പറയുന്നുണ്ട്. ഇതൊക്കെ സൗഹൃദത്തിലൂടെ തരണം ചെയ്യാൻ നോക്കുന്ന മനുഷ്യന്മാരുടെ ഹൃദ്യമായ ആഖ്യാനമാണ് ആക്സോൺ. സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളും ചിത്രത്തിൽ വിഷയമാകുന്നു. ഇന്ത്യയിലെ ബഹുസ്വരതയുടെ മനോഹാരിത കുളിർമ നൽകുന്നതാണ്.
നിക്കോളാസ് ഖർക്കോംഗോർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ സായനി ഗുപ്ത, ലിൻ ലായിശ്രം, ടെൻസിൻ ഡൽഹ, റോഹൻ ജോഷി, ഡോളി അഹ്ലുവാലിയ, വിനയ് പതക് തുടങ്ങിയവർ ഉജ്ജ്വല പ്രകടനമാണ്. താജ്‌ദർ ജുനൈദിന്റെ സംഗീതവും ഹൃദ്യമായ അനുഭവമാണ്.