ആഭ്യന്തര, വംശീയ കലാപങ്ങളാൽ കലുഷിതമായ പ്രദേശങ്ങളിൽനിന്ന് സുരക്ഷയും മെച്ചപ്പെട്ട ജീവിതവും തേടി കാലങ്ങളായി മനുഷ്യർ നടത്തിക്കൊണ്ടിരിക്കുന്ന പലായനത്തിന് ഇനിയും അറുതിയായിട്ടില്ല. സ്ഥിരം പ്രശ്നബാധിതദേശങ്ങളായ അറബ്, മദ്ധ്യേഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് നിലവിൽ ഏറ്റവുമധികം അഭയാർത്ഥി പ്രവാഹമുള്ളത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾക്കുപോലും പിടികൊടുക്കാത്ത വിധത്തിലുള്ള ആഗോളപ്രശ്നമായി ഇതു മാറിക്കഴിഞ്ഞു. അഭയാർത്ഥി, പൗരത്വവിഷയങ്ങൾ ചർച്ചചെയ്യുന്ന നിരവധി സിനിമകൾക്കാണ് പ്രശ്നബാധിത ദേശങ്ങളിലെ ചലച്ചിത്രകാരന്മാർ കഴിഞ്ഞ ദശാബ്ദത്തിൽ രൂപം നൽകിയത്.
കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രേക്ഷകപ്രീതിയിൽ ഏറ്റവും മുന്നിലെത്തിയ നദീൻ ലെബാക്കിയുടെ ലെബനീസ് ചിത്രം കാപർനോം ഈ നീറുന്ന പ്രശ്നമാണ് ചർച്ചചെയ്തത്. യുദ്ധത്തിന്റെയെന്ന പോലെ പലായനത്തിന്റെയും ഏറ്റവും വലിയ ഇര കുട്ടികളാണെന്ന് കാപർനോം പറഞ്ഞുവച്ച അതേ വിഷയമാണ് ഇത്തവണ മേളയിൽ ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഗൊരാൻ പാസ്ജെവികിന്റെ ഇറ്റാലിയൻ സിനിമയായ ഡെസ്പൈറ്റ് ദി ഫോഗ് ചർച്ചചെയ്യുന്നത്. ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രമായിരുന്നു ഇത്.
മെച്ചപ്പെട്ട ജീവിതം തേടി ഇറ്റാലിയൻ തീരത്തേക്ക് റബർ ബോട്ടിൽ രക്ഷപ്പെടുന്നതിനിടെ അലി മൂസ സർഹാൻ എന്ന എട്ടു വയസുകാരന്റെ മാതാപിതാക്കൾ മരിച്ചുപോകുന്നു. തെരുവിൽ അകപ്പെടുന്ന അലിയെ ഇറ്റാലിയൻ ദമ്പതികൾ എടുത്തുവളർത്തുന്നതിനെ തുടർന്നുള്ള വംശീയവും മതപരവും പൗരത്വത്തെ ചൊല്ലിയുമുള്ള പ്രശ്നങ്ങളുമാണ് ഡെസ്പൈറ്റ് ദി ഫോഗിന്റെ ഉള്ളടക്കം. ഐഡന്റിറ്റി ക്രൈസിസ് എന്ന 'പുകമഞ്ഞു'പോലെ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രശ്നത്തിന് പ്രസക്തമായ ഉത്തരം നൽകാനാകാതെയും അനേകം ചിന്തകൾ അവശേഷിപ്പിച്ചുമാണ് സിനിമ അവസാനിക്കുന്നത്.
സിനിമയിൽ അലി ആവർത്തിച്ചു പറയുന്ന 'അയാം മുഹമ്മദ്, നോട്ട് മാർക്കോ 'എന്ന വാചകത്തിലാണ് സിനിമയുടെ അന്തസത്ത അടങ്ങിയിരിക്കുന്നത്. അതിസങ്കീർണമായൊരു വിഷയത്തിന് ഏറ്റവും ലളിതമായ ചലച്ചിത്രഭാഷ്യം നൽകുന്നിടത്താണ് പാസ്ജെവികിന്റെ സിനിമയ്ക്ക് ആഗോളമുഖം കൈവരുന്നത്.
അലിയെപ്പോലെ ആയിരക്കണക്കിന് കുട്ടികൾ തെരുവിലുണ്ടെന്നും അവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നുമുള്ള യാഥാർത്ഥ്യം ഓർമ്മപ്പെടുത്തുന്നതാണ് ഡെസ്പൈറ്റ് ദി ഫോഗിന്റെ ടെയ്ൽ എൻഡ് ഷോട്ട്. ആ ദൃശ്യത്തിലേക്ക് ശ്രദ്ധയൂന്നുമ്പോൾ ഇത് കേവലമൊരു സിനിമാക്കഥയല്ലെന്നുള്ള ഞെട്ടലായിരിക്കും കാണികൾക്കുണ്ടാകുക. സമാധാനത്തിന്റെ ഇടം തേടിക്കൊണ്ടുള്ള അഭയാർത്ഥി പ്രവാഹം ഓരോ ദിവസവും ഓരോ നേരവും സംഭവിച്ചു കൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടുതന്നെ കാപർനോമും ഡെസ്പൈറ്റ് ദി ഫോഗും പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുന്ന അവസാന സിനിമകളാകുകയുമില്ല.