തിരുവനന്തപുരം : അദ്വൈത വേദാന്തത്തിന്റെ അകംപൊരുൾ അറിയാനും അറിയിക്കാനുമായി ഹിമാലയ ഋഷിമാരുടെ സംഗമം അനന്തപുരിയിൽ തുടങ്ങി. വട്ടിയൂർക്കാവ് സാധുഗോപാലസ്വാമി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന അഞ്ചാമത് ഋഷി സംഗമം സന്യാസിമാർ ചേർന്ന് ദീപം തെളിച്ചതോടെ ഇന്നലെ ആരംഭിച്ചു . മാണ്ഡൂക്യ ഉപനിഷത്തിന് ഗൗഡപാദാചാര്യർ രചിച്ച കാരിക ഋഷിമാർ ഓരോ ദിവസവും വ്യാഖ്യാനിക്കും. ഓംകാരത്തിന്റെ പ്രാധാന്യം, ജീവന്റെ അവസ്ഥകളായ ജാഗ്രത, സ്വപ്നം, സുഷുപ്തി തുടങ്ങിയവയെക്കുറിച്ച് ചോദ്യോത്തരവേളയിൽ വിശദീകരിക്കും.
കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിൽ നിന്നെത്തിയ സ്വാമി ശ്രീഹരിബ്രഹ്മേന്ദ്രാനന്ദ, സ്വാമി ശ്രീശർവാനന്ദ സരസ്വതി, സ്വാമി ശ്രീപരമാനന്ദഗിരി തുടങ്ങിയ ഋഷിമാർ വ്യാഖ്യാനം നിർവഹിക്കും. മാണ്ഡൂക്യ ഉപനിഷത്തിന്റെ ശ്ലോകങ്ങൾ വിവിധ ഭാഗങ്ങളായി വിഭജിച്ചാണ് വ്യാഖ്യാനിക്കുക.
ഇന്നലെ ആഗമ പ്രകരണത്തെക്കുറിച്ച് സ്വാമി ശ്രീശർവാനന്ദഗിരിയും സ്വാമി ശ്രീഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥയും വ്യാഖ്യാനം നൽകി. മന്ത്രം 3-6 വരെ കാരിക സഹിതം സ്വാമി മേധാനന്ദപുരി സംസാരിച്ചു. സ്വാമി ദുർഗാനന്ദ സരസ്വതി, സ്വാമി ഭൂമാനന്ദ സരസ്വതി, സാധ്വി ഉമാദേവി എന്നിവരും പങ്കെടുത്തു. ഇന്ന് 38 കാരികകളുള്ള വൈതഥ്യപ്രകരണവും നാളെ 48 കാരികകളുള്ള അദ്വൈതപ്രകരണവും 14 ന് 100 കാരികകളുള്ള അലാതശാന്തിപ്രകരണവും വ്യാഖ്യാനിക്കും.
വിവിധ ആശ്രമങ്ങളിൽ നിന്നുള്ള വേദാന്തികൾ പങ്കെടുക്കുന്ന ഋഷിസംഗമം 16 ന് സമാപിക്കും. രണ്ടുവർഷത്തിലൊരിക്കലാണ് ഹിമാലയ ഋഷി സംഗമം നടക്കുന്നത്.