parvathy

കൊച്ചി: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടി പാർവതി തിരുവോത്ത് രംഗത്ത്. ബിൽ പാസായതോടെ ഭയം നട്ടെല്ലിലൂടെ അരിച്ചുകയറുകയാണെന്നും ഇത് ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത കാര്യമാണെന്നുമാണ് പാർവതി ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്. രാജ്യസഭയിൽ പൗരത്വ ബിൽ പാസായ കാര്യം പറഞ്ഞുകൊണ്ടുള്ള മാദ്ധ്യമപ്രവർത്തക ധന്യ രാജേന്ദ്രന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പാർവതി തിരുവോത്തിന്റെ ഈ പരാമർശം. 'നട്ടെലിലൂടെ ഭയം അരിച്ചുകയറുന്നു. ഇത് സംഭവിക്കാൻ നമ്മൾ ഒരിക്കലും അനുവദിക്കാൻ പാടില്ല. അത് പാടില്ല.' പാർവതി തന്റെ ട്വീറ്റിൽ പറയുന്നു.

Shiver through the spine. Oh we cannot be letting this happen! Oh no. https://t.co/IAoCUrAmwC

— Parvathy Thiruvothu (@parvatweets) December 11, 2019

അതേസമയം വിവാദ പൗരത്വ ഭേദഗതി ബിൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെ പാർലമെൻറ് ഇന്നലെ പാസാക്കിയിരുന്നു. 105ന് എതിരെ 125 വോട്ടുകൾക്കാണ് രാജ്യസഭ ബിൽ പാസാക്കിയത്. 80നെതിരെ 311വോട്ടുകൾക്ക് കഴിഞ്ഞ ദിവസം ബിൽ ലോക്സഭ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബിൽ നിയമമാകും. ഇതോടെ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതപീഡനത്തെ തുടർന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിലേക്ക് കുടിയേറി ആറ് വർഷം കഴിഞ്ഞ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് വഴിയൊരുങ്ങും. അതേസമയം മുസ്ലീം കുടിയേറ്റക്കാരെ പൗരത്വം നൽകുന്നതിൽ നിന്ന് ഒഴിവാക്കിയ നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ്, മുസ്‌ലിംലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.