ക്രൂരകൃത്യങ്ങൾ നടത്തിയ 17 പേരാണ് മൂന്ന് സെൻട്രൽ ജയിലുകളിലായി കേരളത്തിൽ കഴുമരം കാത്ത് കഴിയുന്നത്. വിധി വന്നശേഷം വർഷങ്ങളായി തടവറകളിൽ കഴിയുന്ന ഇവരിൽ മിക്കവരും ശിക്ഷാ ഇളവിനായി മേൽക്കോടതികളിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. പൂജപ്പുര സെൻട്രൽ ജയിലിലാണ് ഏറ്റവുമധികം പേർ വധശിക്ഷ കാത്തുകഴിയുന്നത് 10പേർ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടപേർ കണ്ണൂരിലുണ്ട്. വിയ്യൂരിൽ 5പേർ കഴുമരം കാത്തുകിടക്കുന്നു. ഇവരിൽ ഫോർട്ട് ഉരുട്ടിക്കൊലക്കേസിൽ വധശിക്ഷ കിട്ടിയ പൊലീസുകാരായ ജിതകുമാറും ശ്രീകുമാറുമുണ്ട്. ശ്രീകുമാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്തെ പിടിച്ചുലച്ച ആലുവ കൂട്ടക്കൊലക്കേസിൽ ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. ആന്റണിയുടെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലം, ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരന്നോ തുടങ്ങിയ കാര്യങ്ങൾ വിചാരണക്കോടതിയും ഹൈക്കോടതിയും പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി. ഒരിക്കൽ സുപ്രീംകോടതി വധശിക്ഷ ശരിവയ്ക്കുകയും രാഷ്ട്രപതി ദയാഹർജി തള്ളുകയും ചെയ്ത കേസിലാണ് വീണ്ടും തുറന്ന കോടതിയിൽ വാദം കേട്ട് ശിക്ഷയിൽ ഇളവ് വരുത്തിയത്. പരിചയക്കാരനായിരുന്ന ആലുവയിലെ വ്യാപാരി അഗസ്റ്റിൻ, അമ്മ ക്ലാര, സഹോദരി കൊച്ചുറാണി, ഭാര്യ മേരി, മകൻ ജെസ്‌മോൻ, മകൾ ദിവ്യ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. ദമാമിലേക്ക് ലഭിച്ച വീസയ്ക്കുള്ള പണം ശരിയാക്കാനായിരുന്നു ഈ കൂട്ടക്കൊലയെന്നാണ് കേസ്. നിരവധി കവർച്ച, കൊള്ള, കൊലപാതകം കേസുകളിലെ പ്രതി റിപ്പർ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി, പകരം മരണം വരെ പരോളില്ലാത്ത തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനിടെ രണ്ടുവട്ടം തടവുചാടിയെങ്കിലും ജയാനന്ദനെ പൊലീസ് അകത്താക്കി. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും പിഴവുകൾ മുതലെടുത്ത് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി വധശിക്ഷയിൽ നിന്ന് രക്ഷപെട്ടിരുന്നു.
അസം സ്വദേശി പ്രദീബ് ബോറ, രാജേഷ്‌കുമാർ (ആര്യ കൊലക്കേസ്), റെജികുമാർ (ഒരുമനയൂർ കൂട്ടക്കൊല), വിശ്വരാജൻ (മാവേലിക്കര സ്മിത വധക്കേസ്), നിനോ മാത്യു (ആറ്റിങ്ങൽ ഇരട്ടക്കൊല), അനിൽകുമാർ (കോളിയൂർ കൊലക്കേസ്), രാജേന്ദ്രൻ (വണ്ടിപ്പെരിയാറിൽ യുവതിയെയും മകളെയും പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്), ഉത്തർപ്രദേശുകാരനായ നരേന്ദ്രകുമാർ (മണ്ണാർകാട്ട് 2015ൽ ലാലപ്പൻ, പ്രസന്നകുമാരി, പ്രവീൺലാൽ എന്നിവരെ വധിച്ച കേസ്), നാസർ, (മകളുടെ കൂട്ടുകാരിയായ 9വയസുകാരിയെ കൊലപ്പെടുത്തിയ കേസ്), അബ്ദുൽ ഗഫൂർ (സ്ത്രീയെ പീഡിപ്പിച്ചുകൊന്ന കേസ്), ഗിരീഷ് കുമാർ(കുണ്ടറ ആലീസ് വധം), സോജു, അനിൽകുമാർ (ജെറ്റ് സന്തോഷ് വധം), എഡിസൻ (തിരുച്ചിറപ്പള്ളി സ്വദേശി എറണാകുളത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തി മൂന്നപേരെ കൊന്ന കേസ്), ജിതകുമാർ (ഉരുട്ടിക്കൊലക്കേസ്) എന്നിവരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. മാവേലിക്കരയിൽ ദമ്പതികളെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സുധീഷിന് (39) അടുത്തിടെ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു.
വധശിക്ഷയിൽ നിന്ന് രക്ഷപെട്ടവർ
കരിക്കിൻ വില്ല കൊലക്കേസ് പ്രതി റെനിജോർജ് , പുത്തൻവേലിക്കര ഇരട്ടക്കൊല കേസിലെ പ്രതി ദയാനന്ദൻ, മഞ്ചേരിയിൽ ഭാര്യയെ കൊന്ന കേസിലെ പ്രതി രാമചന്ദ്രൻ, എറണാകുളം പച്ചാളത്തെ ബിന്ദു വധക്കേസിലെ പ്രതി റഷീദ്, എന്നിവരുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പ്രവീൺ വധക്കേസിലെ പ്രതികളായ പ്രിയനും കണ്ടയ്‌നർ സുനിക്കും വധശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി ഇരുവരെയും വെറുതെ വിട്ടു. ബി.ജെ.പി നേതാവ് കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ അഞ്ച് പ്രതിൾക്കുള്ള വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കോളിളക്കം സൃഷ്ടിച്ച കാസർകോട് സഫിയ (14) വധക്കേസിൽ ഗോവയിലെ കരാറുകാരനായ കെ.സി.ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി.
ഇവർ കൊടുംകുറ്റവാളികൾ
റെജികുമാർ
പട്ടാമ്പി ആമയൂർ കൊലക്കേസ് പ്രതി. അവിഹിത ബന്ധം എതിർത്തതിന് ഭാര്യയെയും നാല് മക്കളെയും കശാപ്പുചെയ്തു. കൊലപ്പെടുത്തും മുൻപ് 12വയസുകാരി മകളെ മാനഭംഗപ്പെടുത്തി. റബ്ബർ ടാപ്പിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ ലിസി(38) മക്കളായ അമലു(12), അമൽ(10), അമല്യ(8), അമന്യ (3) എന്നിവരെയാണ് കൊലപ്പെടുത്തിയത്. അയൽക്കാരിയായ സ്ത്രീയ്‌ക്കൊപ്പം ജീവിക്കാനായിരുന്നു പരാക്രമം. 2014ൽ വധശിക്ഷ ഹൈക്കോടതി ശരിവച്ചു.
ലോറൻസ്
നടുറോഡിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതിന് 2010ലാണ് വധശിക്ഷ കിട്ടിയത്. ചുള്ളിമാനൂർ സ്വദേശി വത്സലയെ 2007 ഒക്‌ടോബർ 10ന് കൊലപ്പെടുത്തുകയായിരുന്നു. കുടുംബവഴക്കിനെത്തുടർന്ന്, നടറോഡിൽ വച്ച് കരിക്കു ചെത്തുന്ന കത്തി ഉപയോഗിച്ച് ലോറൻസ് വത്‌സലയെ വെട്ടിക്കൊല്ലുകയായിരുന്നു. കരിക്ക് വിൽപ്പനക്കാരനായിരുന്നു ലോറൻസ്. വത്‌സല കുട്ടികളെ സ്‌കൂളിലാക്കിയതിന് ശേഷം തിരികെ വരുന്ന വഴിക്കാണ് ലോറൻസ് ആക്രമിച്ചത്. കരിക്ക് ചെത്തുന്ന വെട്ടുകത്തി കൊണ്ട് വത്‌സലയുടെ കഴുത്തിന് വെട്ടുകയായിരുന്നു. വെട്ടേറ്റ വത്‌സല റോഡിലേക്ക് വീഴുകയും തത്ക്ഷണം മരിക്കുകയും ചെയ്തു. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ലോറൻസിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പ്രദീപ് ബോറ
കോട്ടയം ദമ്പതിവധക്കേസിലാണ് വധശിക്ഷ കിട്ടിയത്. അസം സ്വദേശിയാണ്. കോട്ടയം കൈനറ്റിക് റബേഴ്‌സ് ഉടമ ശ്രീധറിനേയും ഭാര്യ ലക്ഷ്മിയെയും കൊലപ്പെടുത്തിയെന്നാണ് കേസ്. 2008 ഏപ്രിൽ 18നായിരുന്നു സംഭവം. കേസിലെ രണ്ടാംപ്രതിയാണ് പ്രദീപ് ബോറ. ഒന്നാംപ്രതി 25കാരനായ ദിഗംബർ ആത്മഹത്യ ചെയ്തു. ബോറയ്ക്ക് വധശിക്ഷ കിട്ടമ്പോൾ 29 വയസുമാത്രമാണുണ്ടായ്രിരുന്നത്.
വധശിക്ഷ കാത്ത്
പൂജപ്പുരയിൽ10
വിയ്യൂരിൽ5
കണ്ണൂരിൽ2
വധശിക്ഷ കിട്ടിയവർക്ക്
ഒരിക്കലും പരോൾ നൽകില്ല
ജയിൽ ജോലികൾ ചെയ്യണം
ഏകാന്ത തടവിൽ പാർപ്പിക്കില്ല
സാധാരണ തടവുകാർക്കൊപ്പം കഴിയണം
രാഷ്ട്രപതി ദയാഹർജി തള്ളിയാൽ ബ്ലാക്ക് വാറണ്ട്
ഈ ഘട്ടത്തിൽ പ്രത്യേക സെല്ലിൽ ഒറ്റയ്ക്കാക്കും
സുപ്രീംകോടതി പറയുന്നു
കുറ്റത്തെ മാത്രമല്ല കുറ്റവാളിയെയും പരിഗണിക്കണം.
സാമൂഹ്യ സാമ്പത്തിക സാഹചര്യം ഒരാൾ ചെയ്ത കുറ്റത്തെ ഇല്ലാതാക്കുന്നില്ലെങ്കിലും അതും പരിഗണിക്കണം.
കുറ്റവാളിയുടെ മാനസിക പരിവർത്തനവും സമൂഹത്തിലേക്കുള്ള പുനരധിവാസ സാദ്ധ്യതകളും പരിഗണിക്കപ്പെടണം.
കുറ്റകൃത്യം പൊതുസമൂഹത്തിൽ ഉളവാക്കുന്ന ഞെട്ടൽ വധശിക്ഷയ്ക്കുള്ള കാരണമായി അംഗീകരിക്കാനാവില്ല.
(ആലുവ കേസിൽ ആന്റണിയുടെ റിവ്യൂഹർജിയിലെ ഉത്തരവിൽ)
അവസാന വധശിക്ഷ
28വർഷം മുൻപ്
28വർഷം മുൻപാണ് കേരളത്തിൽ ഏറ്റവും ഒടുവിൽ വധശിക്ഷ നടപ്പാക്കിയത്. 15 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിപ്പർ ചന്ദ്രനെ 1991 ജൂലായിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ അവസാനമായി തൂക്കിലേറ്റിയത് 1979ൽ കളിയിക്കാവിള സ്വദേശി അഴകേശനെയാണ്. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിയാണു റിപ്പർ ചന്ദ്രനെ തൂക്കിക്കൊന്നത്. രണ്ടുലക്ഷം രൂപയാണ് ആരാച്ചാർക്കു പ്രതിഫലം. ഇപ്പോൾ ജയിലിൽ സ്ഥിരം ആരാച്ചാരില്ല. പൂജപ്പുര സെൻട്രൽ ജയിലിലെ തൂക്കുമരത്തിന്റെ പ്രധാനഭാഗമായ ലിവർ തുരുമ്പുപിടിച്ച് ഇളകിപ്പോയത് അറ്റകുറ്റപ്പണി നടത്തിയിരുന്നു. കഴുത്തിൽ കയർക്കുരുക്കിട്ട ശേഷം ആളെ കയറ്റിനിറുത്തുന്ന ഭാഗത്തിന്റെ അടിയിലാണ് ഈ ലിവർ. ശിക്ഷ നടപ്പാക്കാൻ ഹാൻഡിൽ വലിക്കമ്പോൾ ആൾ നിൽക്കുന്ന ഭാഗം തെന്നിമാറും.