shane-nigam

കൊച്ചി: യുവനടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ സംഘടന നിലപാട് വ്യക്തമാക്കട്ടെയെന്ന് നിർമാതാക്കൾ. ഷെയ്നുമായി നേരിട്ട് ചർച്ചക്കില്ലെന്നും നിർമാതാക്കൾ പറഞ്ഞു. അതേസമയം,​ തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് അമ്മ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം തീയതിയിലെ യോഗത്തിന് ശേഷം തീരുമാനമെന്നും താരസംഘടന പ്രതികരിച്ചു.

നിര്‍മാതാക്കള്‍ക്ക് മനോരോഗമെന്ന പരാമര്‍ശത്തില്‍ ഷെയ്ന്‍ നിഗം മാപ്പ് ചോദിച്ചെങ്കിലും അത് പ്രശ്ന പരിഹാരത്തിന് വഴി തെളിയിക്കില്ലെന്നാണ് സിനിമാ സംഘടനകള്‍ പറയുന്നത്. ഫേസ്ബുക്കിലൂടെ നടത്തിയ ക്ഷമാപണം അംഗീകരിക്കാനാവില്ലെന്ന് അമ്മ നേതൃത്വം പറഞ്ഞു. 22ന് ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലേ ഷെയ്ന്‍ വിഷയം ചര്‍ച്ചക്കെടുക്കൂ എന്നും അതുവരെ ചര്‍ച്ചകളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. ഷെയ്നുമായി നേരിട്ട് ചര്‍ച്ചക്കില്ലെന്നും മധ്യസ്ഥരില്ലാതെ ചര്‍ച്ചക്ക് പ്രസക്തി ഇല്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്തും പറഞ്ഞു.

നിർമ്മാതാക്കൾക്ക് മനോരോഗമാണോ എന്ന് ചോദിച്ചത് സത്യമാണെന്നും, എന്നാൽ താൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നുവെന്നും ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ഷെയ്‌ൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.