modi-shah

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമിൽ പുകയുന്ന പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. സംസ്ഥാനത്ത് തുടരുന്ന പ്രതിഷേധത്തിന് അയവ് വരുത്താൻ അമിത് ഷാ അസമിലെ നേതാക്കളുമായി കൂടിക്കാഴ്ചകളും ചർച്ചകളും നടത്തും. അതേസമയം, പൗരത്വ ഭേദഗതി ബിൽ നിയമമായതിൽ അസമിലെ 'സഹോദരീ സഹോദരന്മാർ' ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് വന്നിട്ടുണ്ട്. അസമിലെ ജനങ്ങളുടെ അവകാശങ്ങളും, വ്യക്തിത്വവും മനോഹരമായ സംസ്കാരവും ആർക്കും തട്ടിയെടുക്കാൻ ആകില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.

അത് വളരുകയും പുഷ്ടിപ്പെടുകയും ചെയ്യും. അദ്ദേഹം പറയുന്നു. ട്വിറ്റർ വഴിയാണ് മോദി ഇങ്ങനെ പ്രതികരിച്ചത്. അതേസമയം സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് അസമിലും ത്രിപുരയിലും കേന്ദ്ര സർക്കാർ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ബി.ജെ.പി നേതാക്കളും വീടുകൾക്ക് നേരെയും ആക്രമണം നടക്കുന്നുണ്ട്. ഗുവഹാത്തിയിൽ പ്രഖ്യാപിച്ച അനിശ്ചിതകാല കർഫ്യു ഇപ്പോഴും തുടരുകയാണ്. സംസ്ഥാനത്ത് മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനങ്ങളും ഇങ്ങോട്ടേക്കുള്ള വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

വിവാദ പൗരത്വ ഭേദഗതി ബിൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെ പാർലമെൻറ് ഇന്നലെ പാസാക്കിയിരുന്നു. 105ന് എതിരെ 125 വോട്ടുകൾക്കാണ് രാജ്യസഭ ബിൽ പാസാക്കിയത്. 80നെതിരെ 311വോട്ടുകൾക്ക് കഴിഞ്ഞ ദിവസം ബിൽ ലോക്സഭ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബിൽ നിയമമാകും. ഇതോടെ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതപീഡനത്തെ തുടർന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിലേക്ക് കുടിയേറി ആറ് വർഷം കഴിഞ്ഞ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് വഴിയൊരുങ്ങും. അതേസമയം മുസ്ലീം കുടിയേറ്റക്കാരെ പൗരത്വം നൽകുന്നതിൽ നിന്ന് ഒഴിവാക്കിയ നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ്, മുസ്‌ലിംലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.