shyla-murder-case-

കുണ്ടറ: പ്രവാസിയുടെ ഭാര്യയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെ റോഡിൽ പട്ടാപ്പകൽ കുത്തിക്കൊന്ന അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം കേരളപുരത്തിനുസമീപം അഞ്ചുമുക്ക് ഉമർ കോട്ടേജിൽ ഉമ്മർ ഷെറീഫിന്റെ ഭാര്യ ഷൈലയാണ് (38, ഷാജില) മരിച്ചത്. കരിമ്പിൻകര കുന്നുംപുറത്ത് വീട്ടിൽ അനീഷാണ് (32) അറസ്റ്റിലായത്. ഇന്നലെ രാവിലെ ഒൻപതു മണിയോടെ വീടിനോടു ചേർന്ന ഇടറോഡിലാണ് സംഭവം. ഇളയ മകളെ സ്‌കൂളിലേക്ക് ബസ് കയറ്റിവിട്ടശേഷം പാൽ വാങ്ങാനായി പുറത്തേക്കിറങ്ങിയതായിരുന്നു യുവതി. ഒളിഞ്ഞുനിൽക്കുകയായിരുന്ന പ്രതി പിന്നിൽനിന്നെത്തിയാണ് കുത്തിവീഴ്ത്തിയത്. അയൽ വീടിന്റെ ഗേറ്റിനുമുന്നിലാണ് കുത്തേറ്റുവീണത്.

അതിക്രൂരമായ കൊലപാതകം അനീഷ് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പൊലീസ് പറഞ്ഞു. ടെമ്പോ ലോറി ഡ്രൈവറായ അനീഷ് നിരവധി കേസുകളിൽ പ്രതിയാണ്. ലഹരിപദാർത്ഥങ്ങൾക്ക് അടിമയായിരുന്ന പ്രതി യുവതിയെ നിരന്തരം ശല്യംചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്ന് കരുതുന്നു. ബുധനാഴ്ച 8.50ന് ഇളയ മകളെ സ്‌കൂളിലേക്ക് ബസ് കയറ്റിവിട്ടശേഷം വീട്ടിലെത്തി പാൽ വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു ഷാജില. യുവതി മകളെ സ്‌കൂളിലാക്കാൻ പുറത്തിറങ്ങുമെന്ന് അറിയാവുന്ന പ്രതി ബൈക്കിൽ വന്ന് പരിസരത്ത് ഒളിച്ചു നിൽക്കുകയായിരുന്നു.

shyla-murder-

എന്നാൽ, ഇതിനകം യുവതി മകളെ യാത്രയാക്കി വീട്ടിൽ കയറിയിരുന്നു. എന്നാൽ, പാൽ വാങ്ങാനായി പുറത്തേക്ക് വരുകയും ചെയ്തു. യുവതി പുറത്തേക്ക് പോകുന്നതു കണ്ട് പിന്നാലെ എത്തി കുത്തിവീഴ്ത്തുകയായിരുന്നു. 31 കുത്തുകളാണ് ശരീരത്തിലേറ്റത്. നിലത്തുവീണ യുവതിയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. കഴുത്തിന്റെ ഇരുവശത്തും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളായിരുന്നു. പിന്നീട് മരണം ഉറപ്പുവരുത്തുന്നതുവരെ അവിടെ നിലയുറപ്പിച്ചു. മരണം ഉറപ്പാക്കിയശേഷം അതിനോട് ചേർന്നുള്ള വീടിന്റെ ഗേറ്റ് തുറന്ന് കയറി ടാപ്പിൽനിന്ന് വെള്ളമെടുത്ത് കത്തിയിലെ ചോരപ്പാടുകൾ കഴുകിക്കളഞ്ഞു. പുറത്തിറങ്ങി വീണ്ടും യുവതിക്കു സമീപം നിലയുറപ്പിച്ചു. സമീപത്തെ വീടുകളെല്ലാം മതിൽകെട്ടുകൾക്ക് ഉള്ളിലാണ്. ആക്രമണ ശേഷമാണ് സംഭവം അയൽക്കാർ അറിഞ്ഞത്. ആ വീടുകളിലെ സ്ത്രീകൾ നിലവിളിച്ചു ബഹളംകൂട്ടിയെങ്കിലും അനീഷ് പിന്മാറാൻ തയ്യാറായില്ല.സമീപ വാസികൾ വിവരം അറിയിച്ചതനുസരിച്ചു കുണ്ടറയിൽ നിന്നും പൊലീസ് എത്തിയാണ് ഷാജിലയെ കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയെ പൊലീസ് വാഹനത്തിലേക്ക് കയറ്റിക്കഴിഞ്ഞയുടൻ ഓടാൻ ശ്രമിച്ച പ്രതിയെ പൊലിസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബൈക്കിൽ കത്തിയോടൊപ്പം മുളകുപൊടിയും പ്രതി കരുതിയിരുന്നു.

ആറുമാസം മുമ്പ് വീട്ടിനുള്ളിൽ കയറി യുവതിയെ ആക്രമിക്കാൻ അനീഷ് ശ്രമിച്ചിരുന്നു. ഇവർ അയൽവീട്ടിലേക്ക് ഓടിക്കയറിയാണ് അന്ന് രക്ഷപ്പെട്ടത്. രോഷാകുലനായ അനീഷ് അന്ന് വീട്ടുടമയെ അവരുടെ വീട്ടിൽ കയറി മർദ്ദിച്ചിരുന്നു. ഇതിനെതിരേ കുണ്ടറ പോലിസിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച രാത്രിയിലും പ്രതി യുവതിയുടെ വീടിനുമുന്നിലെത്തി ബഹളമുണ്ടാക്കിയതായി അയൽകാർ പറയുന്നു.