woman-constable

കാൺപൂർ: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ യുവാവിനെ പരസ്യമായി ഷൂസ് ഊരിതല്ലുന്ന പൊലീസുകാരിയുടെ വീഡിയോ ആണ് വൈറലായി കൈയ്യടി നേടുന്നത്. ഉത്തർപ്രദേശിലെ കാൺപൂരിലെ ബിത്തൂരിലാണ് സംഭവം.

നയീം ഖാന്‍ എന്ന യുവാവാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ പൊലീസിനോട് പരാതി പറഞ്ഞു. ഉടന്‍ തന്നെ വനിതാ കോണ്‍സ്റ്റബിള്‍ ചഞ്ചല്‍ ചൗരസിയ സ്ഥലത്തെത്തി യുവാവിനെ പിടികൂടുകയും പരസ്യമായി തന്നെ ഇയാളെ കൈകാര്യം ചെയ്യുകയുമായിരുന്നു. നിനക്ക് അമ്മയും സഹോദരിമാരുമൊന്നുമില്ലേ എന്ന് ചോദിച്ച് ഷൂ ഊരി യുവാവിനെ തുടര്‍ച്ചയായി തല്ലുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. ആദ്യം യുവാവിന്റെ മുഖത്തടിച്ച ചഞ്ചൽ പിന്നീട് ഷൂ ഊരി മര്‍ദ്ദിക്കുകയായിരുന്നു. ഈ വീഡിയോ സമീപത്തുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ ഈ പൊലീസുകാരിക്ക് അഭിനന്ദന പ്രവാഹമാണ്.