hafiz-saeed-

ലാഹോർ : ഇന്ത്യയിൽ നിരപരാധികളെ കൊലപ്പെടുത്തുവാനുള്ള വിശുദ്ധയുദ്ധത്തിന് കോപ്പുകൂട്ടുന്ന പാക് ഭീകരർക്ക് സ്വന്തം താവളത്തിൽ തിരിച്ചടി. മുംബൈ ബോംബ് സ്‌ഫോടനത്തിന്റെയടക്കം മുഖ്യ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന ഭീകരൻ ഹാഫീസ് സയിദിന്റെ പുത്രൻ താൽഹ സയീദ് വധ ശ്രമത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പിതാവിന്റെ പാത പിന്തുടരുന്ന താൽഹ സയീദ് ലഷ്‌കറിന്റെ ഉപമേധാവിയാണ്. ഭീകരപ്രസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങളുടെ ചുക്കാൻ പിടിക്കുന്നത് ഇയാളാണ്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെയാണ് പാകിസ്ഥാനിലെ ലാഹോറിൽ ഒരു റെഫ്രിജറേറ്റർ ഷോറൂമിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ നിന്ന് ഹാഫീസ് സയിദിന്റെ പുത്രന് പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ പാകിസ്ഥാനിലെ ജിന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷോറൂമിൽ മതപരമായ ഒരു ചടങ്ങിനിടെ താൽഹ സയീദ് പ്രസംഗിക്കാൻ കാത്തു നിൽക്കുമ്പോഴായിരുന്നു ബോംബ് സ്‌ഫോടനമുണ്ടായത്. എന്നാൽ പാക് മാദ്ധ്യമങ്ങളിൽ ഈ സംഭവത്തെ നിസാരവത്കരിച്ചാണ് റിപ്പോർട്ടുകൾ. പരിശോധനയിൽ ബോംബ് സ്‌ഫോടനത്തിന്റെ തെളിവുകൾ ലഭ്യമായിട്ടില്ലെന്നും റഫിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചതാണെന്നും പറയുന്നു. അതേസമയം ഇന്ത്യൻ മാദ്ധ്യമങ്ങളിലാണ് ഭീകരൻ ഹാഫീസ് സയീദിന്റെ പുത്രനെ കൊലപ്പെടുത്താനുള്ള ശ്രമമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്.

പിന്നിൽ റോയുടെ കരങ്ങളോ ?

ഭീകരന്റെ മകനെ ലക്ഷ്യമിട്ട് ബോംബ് സ്ഥോടനം നടത്തിയത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയാണെന്നാണ് ലഷ്‌കർ നേതാക്കളുടെ ഭാഷ്യം. എന്നാൽ ഭീകര പ്രസ്ഥാനത്തിനുള്ളിലുള്ള ചേരിപ്പോരാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ലഷ്‌കറിലെ മൂപ്പിള തർക്കമാണ് നേതാവിന്റെ മകനെ കൊലപ്പെടുത്താൻ ലഷ്‌കറിന്റെ സീനിയർ നേതാക്കൾ കരുക്കൾ നീക്കിയത്. പിതാവിന് ശേഷം മകനെ ഭീകരപ്രസ്ഥാനത്തിന്റെ തലപ്പത്ത് വരുമെന്ന് കണ്ടാണ് സീനിയർ നേതാക്കളുടെ നീക്കമെന്നും ആരോപണമുണ്ട്. ലാഹോറിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എല്ലാവരും ലഷ്‌കർ അനുഭാവികളാണ്.

ഹാഫീസ് സയീദിനെ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ ലാഹോർ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയായിരുന്നു സ്‌ഫോടനം. കൃത്യമായ ആസൂത്രണത്തോടെയാണ് സ്‌ഫോടനത്തിനുള്ള പദ്ധതി തയ്യാറാക്കിയത്
ലഷ്‌കറിന്റെ സുരക്ഷാ സന്നാഹങ്ങൾ അതീവ ശക്തമാണ്. അത് ലംഘിച്ച് താൽഹയ്ക്ക് നേരെ വധശ്രമം നടക്കണമെങ്കിൽ സംഘടനയിൽ കാര്യങ്ങൾ അത്രം പന്തിയല്ലെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ കാര്യങ്ങളിൽ വിദഗ്ദ്ധനായ അയിൽ സിദ്ദിഖ പറയുന്നത്.