kaumudy-news-headlines

1. വിവാദമായ പൗരത്വ ബില്ലിനെതിരേ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ആസാമിലെ നാലിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. ഗോഹട്ടി നഗരത്തില്‍ കരസേനയുടെ രണ്ട് കോളം ഫ്ളാഗ് മാര്‍ച്ച് നടത്തി. ടിന്‍സുകിയ, ദിബ്രുഗഡ്, ജോര്‍ഹാത് ജില്ലകളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ കേന്ദ്രം ആസാമിലെ വലിയ നഗരമായ ഗോഹട്ടിയാണ്. ദിബ്രുഗഡിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദിബ്രുഗഡിലേയും തെസ്പുരിലേയും ബി.ജെ.പി പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെ ആക്രമണം ഉണ്ടായി. ഗോഹട്ടിയില്‍ അനിശ്ചിത കാലത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് ഇരിക്കുകയാണ്. ആസാമിലെ 10 ജില്ലകളില്‍ ഇന്റര്‍നെറ്റ് മൊബൈല്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.


2. ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാളിന്റെയും കേന്ദ്രമന്ത്രി രാമേശ്വര്‍ ടെലിയുടേയും വീടുകള്‍ക്കു നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ദിബ്രുഗഡിലേക്കും നിരോധനാജ്ഞ നീട്ടി. ലാഖിനഗറിലുള്ള മുഖ്യമന്ത്രിയുടെ വസതിക്കുനേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. കേന്ദ്രമന്ത്രിയുടെ ദുലിയജാനിലുള്ള വീടിനു നേര്‍ക്കും ആക്രമണം ഉണ്ടായി. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാര്‍ ഇന്നും നിരത്തിലുണ്ട്. ത്രിപുരയിലെ കാഞ്ചന്‍പുര്‍, മനു എന്നിവിടങ്ങളില്‍ രണ്ടു കോളം പട്ടാളം ഇറങ്ങി. അയ്യായിരത്തോളം അര്‍ധ സൈനികരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലായി വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു
3. പ്രതിഷേധക്കാര്‍ക്കു നേരേ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കണ്ണീര്‍ വാതകം പ്രയോഗിച്ചു. നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 11 മണിക്കൂര്‍ ബന്ദ് നടത്തി. നിരവധി വാഹനങ്ങള്‍ അഗ്നിക്ക് ഇരയാക്കി. പ്രതിഷേധത്തെത്തുടര്‍ന്ന് ത്രിപുരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ് സൗകര്യങ്ങള്‍ 48 മണിക്കൂര്‍ റദ്ദാക്കിയിരുന്നു. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന്, സെപാഹിജാലയില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി രണ്ടുമാസം പ്രായമുള്ള കുട്ടി മരിച്ചു
4. പൗരത്വ ഭേദഗതി ബില്ലില്‍ പ്രക്ഷോഭങ്ങള്‍ തുടരവേ അസം നിവാസികളോട് ആശങ്കപ്പെടേണ്ട എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കുകിഴക്ക് സംസ്ഥാനങ്ങളുടെ തനിമ അതേപടി തുടരും. അസം ജനതയുടെ ഭാഷാപരവും സാംസ്‌കാരികവുമായ പാരമ്പര്യത്തിന് ഭരണഘടനാപരം ആയ സംരക്ഷണം നല്‍കും. ഇത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്നും മോദി ട്വീറ്റ് ചെയ്തു. അസമില്‍ നിന്നുള്ള നേതാക്കളെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കാണുന്നുണ്ട്
5. രാജ്യസഭയിലും പൗരത്വ നിയമ ഭേദഗതി ബില്‍ പാസാക്കിയതിന് പിന്നാലെ വന്‍ പ്രതിഷേധം ആണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ബില്ലിന് എതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. നാല് എം.പിമാര്‍ ആണ് ഹര്‍ജി നല്‍കിയത്. ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരെന്ന് വാദം. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും
6. പൗരത്വ നിയമ ഭേദഗതി ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടെടുപ്പിനിട്ട് സഭ തള്ളിയിരുന്നു. 44 ഭേദഗതി നിര്‍ദേശങ്ങളാണ് ബില്ലിന്‍മേല്‍ വന്നത്. എന്നാല്‍ ഇവയെല്ലാം രാജ്യസഭ വോട്ടിനിട്ട് തള്ളി. കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായ കെകെ രാഗേഷ്, എളമരം കരീം, അബ്ദുള്‍ വഹാബ്, ബിനോയ് വിശ്വം, സോമപ്രസാദ് എന്നിവരെല്ലാം ഭേദഗതി നിര്‍ദേശം നല്‍കിയെങ്കിലും ഇവയെല്ലാം വോട്ടിനിട്ട് തള്ളി
7. അയോധ്യ വിധി പുന പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേയുടെ ചേംബറില്‍ ഉച്ചക്ക് ഒന്നരയ്ക്ക് ശേഷമാകും ഹര്‍ജി പരിഗണിക്കുക. അയോധ്യ കേസിലെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 40 അക്കാദമിക വിദ്ധരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജംയത്തുല്‍ ഉലുമ ഇ ഹിന്ദ്, വിശ്വഹിന്ദ് പരിഷത്ത് എന്നിവരുടെ ഹര്‍ജികളും ഉണ്ട്. ഇത്തരത്തില്‍ എത്തിയ ഇരുപതോളം പുന പരിശോധന ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുക. മുസ്ലീം കക്ഷികള്‍ക്ക് മസ്ജിദ് നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനം പുന പരിശോധിക്കണം എന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്ന് അക്കാദമിക വിദഗ്ധരുടെ ഹര്‍ജികളില്‍ പറയുന്നു.
8. വെസ്റ്റ് ഇന്‍ഡിസിന് എനതിരായ ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക്. 2-1 ന് വിന്‍ഡീസിനെ വീഴ്ത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മുംബയില്‍ നടന്ന അവസാന മത്സരത്തില്‍ 67 റണ്‍സിന് വിന്‍ഡീസിനെ പരാജയപ്പെടുത്തി ആണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡിസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെ നേടാനായുള്ളു. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ബ്രണ്ടന്‍ കിംഗിനെ അഞ്ച് റണ്‍സിനു വീഴ്ത്തി മുഹമ്മദ് ഷമി വിന്‍ഡീസിനു പ്രഹരം ഏല്‍പ്പിച്ചിരുന്നു.17 റണ്‍സിനിടെ വിന്‍ഡീസിന്റെ മൂന്ന് മുന്‍നിര താരങ്ങളാണ് പവലിയന്‍ കയറിയത്. ഹെറ്റ്‌മെയറിന്റെയും നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെയും പ്രകടനമാണ് വെസ്റ്റ് ഇന്‍ഡിസിനെ കൂട്ട തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
9. ദീപക് ചഹാര്‍, ഭൂവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണറുമാരായ രോഹിത് ശര്‍മ്മയുടെയും കെ.എല്‍. രാഹുലിന്റെയും കൈക്കരുത്തിലാണ് കൂറ്റന്‍ സ്‌കോറില്‍ എത്തിയത്. 56 പന്തില്‍ നാല് സിക്സും ഒന്‍പത് ഫോറും ഉള്‍പ്പെടെ 91 റണ്‍സ് നേടിയ കെ.എല്‍. രാഹുല്‍ ആണ് കളിയിലെ താരം. അവസാന ഓവറുകളില്‍ വിരാട് കൊഹ്ലിയുടെ തീപ്പൊരി ബാറ്റിംഗാണ് ഇന്ത്യയെ വലിയ സ്‌കോറിലേക്ക് നയിച്ചത്. 29 പന്തില്‍ ഏഴ് സിക്സ് ഉള്‍പ്പെടെ 70 റണ്‍സ് നേടിയ കൊഹ്ലി ആണ് മാന്‍ ഓഫ് ദി സീരീസ്